റെയിൽവേ സേവനത്തിനുള്ള സമയക്രമീകരണം ജി പി എസ് സംവിധാനത്തിലേക്ക് മാറുമെങ്കിലും ക്ലോക്കുകളുടെ പൈതൃക രൂപത്തിന് മാറ്റമുണ്ടാകില്ല.
റെയിൽവേ ജി പി എസ് സംവിധാനത്തിലേക്ക്; ഇനി കൃത്യ സമയം പാലിക്കും; അപകടം കുറയും.
അപകടങ്ങൾ ഒഴിവാക്കുന്നതിനും സമയത്തിന്റെ കൃത്യതയ്ക്കുമായി റെയിൽവേ ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം (ജി പി എസ്) സംവിധാനത്തിലേക്ക് മാറുന്നു. സമയ വ്യത്യാസവും ട്രെയിനിന്റെ ദിശയും അറിയാത്തതാണ് പലപ്പോഴും അപകടത്തിന് ഇടയാക്കുന്നതെന്നാണ് റെയിൽവേയുടെ നിഗമനം. അപകടമുണ്ടാകാതിരിക്കാനും റെയിൽവേ സമയത്തിന് കൃത്യത ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ജി പി എസ് സംവിധാനത്തിലേക്ക് മാറുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. എല്ലാം റെയിൽവേ സേവനങ്ങൾക്കും ഇത്തരം സമയം ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ ബോർഡ് എല്ലാ സോൺ, ഡിവിഷൻ ജനറൽ മാനേജർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
റെയിൽവേ സേവനത്തിനുള്ള സമയക്രമീകരണം ജി പി എസ് സംവിധാനത്തിലേക്ക് മാറുമെങ്കിലും ക്ലോക്കുകളുടെ പൈതൃക രൂപത്തിന് മാറ്റമുണ്ടാകില്ല.
നിലവിൽ പാലക്കാട് ഡിവിഷനിൽ ഇത്തരത്തിലുള്ള സമയ സംവിധാനം കോഴിക്കോട് സ്റ്റേഷൻ, പാലക്കാട് ജംഗ്ഷൻ, മംഗളൂരു സെന്റർ, മംഗളൂരു ജംഗ്ഷൻ, കൊയിലാണ്ടി, കണ്ണൂർ എന്നിവിടങ്ങളിൽ സ്ഥാപിച്ചു കഴിഞ്ഞു.
മറ്റു റെയിൽവേ സ്റ്റേഷനുകളിൽ ഉടൻ സ്ഥാപിക്കുമെന്ന് ഡിവിഷൻ അധികൃതർ അറിയിച്ചു.
കൃത്രിമ ഉപഗ്രഹങ്ങളിൽ നിന്നും ലഭിക്കുന്ന സിഗ്‌നലുകളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ജി പി എസ് ഉപകരണം മൊബൈൽ, കാർ, ബസ് തുടങ്ങിയയുടെ പ്രവർത്തനത്തിന് ഉപയോഗിക്കുന്നുണ്ട്.
ട്രൈയിനിൽ ആദ്യമായാണ് ഇത്തരം സംവിധാനം ഏർപ്പെടുത്തുന്നത്. ഇത് ഘടിപ്പിക്കുന്നതോടെ സമയ കൃത്യതയ്ക്ക് പുറമെ യാത്രകളുടെ വിവരം, രണ്ട് സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന ഏളുപ്പത്തിൽ സഞ്ചാരയോഗ്യമായ പാത, രണ്ട് സ്ഥലങ്ങൾക്കിടയിലുള്ള യാത്രയ്ക്ക് എടുക്കുന്ന സമയം, ട്രെയിനിന്റെ സഞ്ചാരക്രമം എന്നിവ റെയിൽവേ അധികൃതർക്ക് ഏളുപ്പത്തിൽ അറിയാൻ സാധിക്കും.