കടബാധ്യതയില്‍ കേരളം രാജ്യത്ത് ഏഴാമത്; കടം 3.90 ലക്ഷം കോടി

ന്യൂഡൽഹി : സംസ്ഥാനത്തിന്‍റെ പൊതുകടം ആഭ്യന്തര ഉത്പ്പാദനത്തിന്റെ 39.1 ശതമാനം. ശതമാനക്കണക്കിൽ ബാധ്യതയുടെ കാര്യത്തിൽ കേരളം ഏഴാം സ്ഥാനത്താണ്. കേരളത്തിന്‍റെ മൊത്തം കടം 3.90 ലക്ഷം കോടി രൂപയാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. കേരളത്തിന്‍റെ കടബാധ്യത 3.32 ലക്ഷം കോടി രൂപയാണെന്നാണ് കഴിഞ്ഞ ജൂണിൽ സർക്കാർ നിയമസഭയെ അറിയിച്ചിരുന്നത്. ആറ് മാസത്തിനുള്ളിൽ ബാധ്യത വർദ്ധിച്ചു. ധനപരമായ ഉത്തരവാദിത്തവും ബജറ്റ് മാനേജ്‌മെന്റും സംബന്ധിച്ച ആക്ട് അനുസരിച്ച്, ഒരു സംസ്ഥാനത്തിന്‍റെ കടബാധ്യത ജി.എസ്.ഡി.പിയുടെ 29 ശതമാനത്തിൽ കവിയാൻ പാടില്ല. എന്നാൽ 2017 മുതൽ കേരളത്തിന്‍റെ കടം ഈ പരിധിക്ക് മുകളിലാണ്. ഈ പരിധി 20 ശതമാനത്തിൽ താഴെയാക്കണമെന്ന് 2018 ൽ എൻ.കെ സിംഗ് കമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കുറവ് കടബാധ്യതയുള്ള സംസ്ഥാനം കർണാടകയാണ്. സംസ്ഥാനത്തിന്‍റെ കടം ജി.എസ്.ഡി.പിയുടെ 23.4 ശതമാനം മാത്രമാണ്. തെലങ്കാന (28.2 ശതമാനം), തമിഴ്നാട് (32 ശതമാനം), പുതുച്ചേരി (32.2 ശതമാനം), ആന്ധ്രാപ്രദേശ് (33 ശതമാനം) എന്നിങ്ങനെയാണ് പൊതുകടത്തിന്റെ കണക്കുകൾ.

Related Posts