കേരള സാഹിത്യ അക്കാദമി ഭാരവാഹികൾ ചുമതലയേറ്റു
അക്കാദമിയിലെ പുസ്‌തകങ്ങൾ ഡിജിറ്റൽ രൂപത്തിലാക്കി പൊതുജനങ്ങൾക്ക് വായിക്കാൻ അവസരം നൽകും: കെ സച്ചിദാനന്ദൻ
കേരള സാഹിത്യ അക്കാദമി പ്രസിഡന്റായി പ്രൊഫ. കെ സച്ചിദാനന്ദനും വൈസ് പ്രസിഡന്റായി അശോകൻ ചരുവിലും സെക്രട്ടറിയായി പ്രൊഫ. സി.പി. അബൂബക്കറും ചുമതലയേറ്റു.
കേരള സാഹിത്യ അക്കാദമിയിലെ പുസ്തകങ്ങളെല്ലാം ഡിജിറ്റൽ രൂപത്തിലാക്കി പൊതുജനങ്ങൾക്ക് വായിക്കാനുള്ള അവസരം നൽകുമെന്ന് ചുമതലയേറ്റ ശേഷം
സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദൻ പറഞ്ഞു. ലിറ്റിൽ മാഗസിനുകൾ മുതൽ പ്രസിദ്ധീകരണം നിലച്ച പുസ്തകങ്ങൾ വരെ ഡിജിറ്റൽ രൂപത്തിലാക്കി വെബ്സൈറ്റ് മുഖേന ജനങ്ങൾക്ക് ലഭ്യമാക്കും. എന്നാൽ ഇവ അച്ചടിച്ചു വിൽക്കാനുള്ള അവകാശം ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസി എഴുത്തുകാർക്ക് വേണ്ടി എന്തൊക്കെ പദ്ധതികൾ നടപ്പിലാക്കണമെന്ന് പ്രവാസികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടനകളുമായി ആലോചിച്ചു തീരുമാനമെടുക്കും. മാത്രമല്ല, പ്രവാസി എഴുത്തുകാരുടെ പരമ്പര സമാഹരണത്തിന് ആവശ്യമായ പ്രത്യേക പ്രവർത്തനങ്ങളും ഏർപ്പെടുത്തും. കേരളത്തിന്റെ എല്ലാ ഭാഗത്തും നടക്കുന്ന അക്കാദമിയിലെ പരിപാടികൾ തുല്യമായി വിതരണം ചെയ്യുന്നതിനും ഉത്തര-മധ്യ- ദക്ഷിണ കേരളത്തിലെ പരിപാടികൾ പ്രത്യേകം ശ്രദ്ധിക്കുന്നതിനും അതത് ഭാഗത്തെ എഴുത്തുകാരും അക്കാദമി അംഗങ്ങളും ഉൾപ്പെടെയുള്ള ചെറിയ കമ്മിറ്റികൾ രൂപീകരിക്കും. കൂടാതെ അക്കാദമിയുടെ ആഭിമുഖ്യത്തിൽ സാഹിത്യോത്സവങ്ങൾ സംഘടിപ്പിക്കുക, എഴുത്തുകാരുമായി ജനങ്ങൾക്ക് സംവദിക്കാൻ അവസരമൊരുക്കുകയും വിവർത്തനശില്പശാലകൾ സംഘടിപ്പിക്കുകയും ചെയ്യും.
ലിപി പരിഷ്കരണത്തിനും ഭാഷാ പരിഷ്കരണത്തിനും ആവശ്യമായ പുതിയ സാങ്കേതിക വിദ്യകൾക്ക് പ്രോത്സാഹനം നൽകും. നിലവിലുള്ള രണ്ട് അക്കാദമികളുമായി ചേർന്ന് പ്രവർത്തിക്കും. മലയാള ഭാഷയുടെ സമഗ്ര വളർച്ചയ്ക്ക് വേണ്ടി മലയാളം മിഷൻ, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ ഭാഷാ സ്ഥാപനങ്ങളുമായി സഹകരിച്ച് പദ്ധതികൾ ആസൂത്രണം ചെയ്യും. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള അക്കാദമികളുമായും ചേർന്ന്.പ്രവർത്തിക്കാൻ ആലോചനയുണ്ട്. സാംസ്കാരിക കൈമാറ്റത്തിന് സാധ്യമായ പരിശ്രമങ്ങളെല്ലാം നടപ്പിലാക്കും. അന്യ സംസ്ഥാനങ്ങളിലെ കലാ-സാഹിത്യ സംഘടനകളുമായും സഹകരിച്ച് പ്രവർത്തിക്കും. ഒരു ഇരുപതിന കർമ്മപരിപാടി അക്കാദമിയുടെ വികസനത്തിനായി തയ്യാറാക്കിയിട്ടുണ്ടെന്നും, നിർവ്വാഹകസമിതിയുടെ അംഗീകാരത്തിനുശേഷം സർക്കാർ പിന്തുണയ്ക്കു വിധേയമായി അവ നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഭാഷയ്ക്കും സംസ്കാരത്തിനും ഏറെ മുതൽക്കൂട്ടാണ് കെ സച്ചിദാനന്ദൻ എന്ന് അക്കാദമി വൈസ് പ്രസിഡന്റായി ചുമതലയേറ്റ അശോകൻ ചെരുവിൽ അഭിപ്രായപ്പെട്ടു. ഇന്ത്യൻ സാഹിത്യത്തിന്റെ എല്ലാ തരത്തിലുമുള്ള മുഖമാണ് കെ സച്ചിദാനന്ദൻ എന്നും അദ്ദേഹം മുന്നോട്ടു വെച്ച ആശയങ്ങൾ പൂർണമായും നടപ്പാക്കാൻ ശ്രമിക്കുമെന്ന് അക്കാദമി സെക്രട്ടറിയായി സ്ഥാനമേറ്റ പ്രൊഫ സി പി അബൂബക്കർ പറഞ്ഞു.
മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും വളർച്ചയ്ക്കായി അക്കാദമി ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് വൈസ് പ്രസിഡന്റ് അശോകൻ ചരുവിലും സെക്രട്ടറി പ്രൊഫ. സി പി അബൂബക്കറും പറഞ്ഞു. സാഹിത്യവും സംസ്കാരവും സാധാരണക്കാരിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളിൽ അക്കാദമി സജീവമായി പങ്കാളിത്തം വഹിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. പ്രൊഫ പി കെ ശങ്കരൻ, കവി സി രാവുണ്ണി, മുൻ സെക്രട്ടറി ഡോ. കെ പി മോഹനൻ, അക്കാദമി ഭാരവാഹികൾ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.