തെരഞ്ഞെടുക്കപ്പെടുന്ന 250 വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രതിമാസം 1000 രൂപ നിരക്കില്‍ ഒരു വര്‍ഷത്തേക്ക് സ്റ്റൈപ്പന്റ് ലഭിക്കുക.
കേരള സംഗീത നാടക അക്കാദമി കലാപരിശീലനത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് 30 ലക്ഷം രൂപ സ്റ്റൈപ്പന്റ് നല്‍കും
തൃശ്ശൂർ: നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികളുടെ കലാഭിരുചിയെ പരിപോഷിപ്പിക്കുന്നതിന് 30 ലക്ഷം രൂപയുടെ സ്റ്റൈപ്പന്റുമായി കേരള സംഗീത നാടക അക്കാദമി. ഭരതനാട്യം, മോഹിനിയാട്ടം, കേരളനൃത്തം, ശാസ്ത്രീയ സംഗീതം ( വായ്പാട്ട്, വീണ, വയലിന്‍, മൃദംഗം) എന്നിവ പരിശീലിക്കുന്നതിനാണ് വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റൈപ്പന്റ് അനുവദിക്കുക. പത്തിനും പതിനേഴിനും ഇടയില്‍ പ്രായമുള്ളവരും രക്ഷിതാവിന്‍റെ വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപയില്‍ താഴെയുള്ളതുമായ 250 വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രതിമാസം 1000 രൂപ നിരക്കില്‍ സ്റ്റൈപ്പന്റ് അനുവദിക്കുന്നത്. 2022 ഏപ്രില്‍ മുതല്‍ ഒരു വര്‍ഷത്തേക്കായിരിക്കും സ്റ്റൈപ്പന്റ് ലഭിക്കുക. മുന്‍വര്‍ഷങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട 150 വിദ്യാര്‍ത്ഥികള്‍ക്കാണ് കലാപരിശീലനത്തിനായി പ്രതിമാസം 300 രൂപ വീതം സ്റ്റൈപന്റ് നല്‍കിയിരുന്നത്. ഇത്തവണ 1000 രൂപയായി ഉയര്‍ത്തി. കൂടാതെ സ്റ്റൈപ്പന്റ് അനുവദിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണവും 150 ല്‍ നിന്നും 250 ആയി ഉയര്‍ത്തിയിട്ടുണ്ടെന്ന് അക്കാദമി സെക്രട്ടറി ഡോ.പ്രഭാകരന്‍ പഴശ്ശി പറഞ്ഞു. സ്റ്റൈപ്പന്റ് ലഭിക്കുന്നതിന് യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷഫോറവും നിയമാവലിയും കേരള സംഗീത നാടക അക്കാദമിയുടെ www.keralasangeethanatakaakademi.in എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് ഉപയോഗിക്കാം. വിദ്യാര്‍ത്ഥിയുടെ ജനന സര്‍ട്ടിഫിക്കറ്റിന്‍റെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പിയും രക്ഷിതാവിന്‍റെ വാര്‍ഷിക വരുമാനം തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും സഹിതം ജനുവരി 25 ന് വൈകീട്ട് അഞ്ചിനകം അപേക്ഷ അക്കാദമിയില്‍ സമര്‍പ്പിക്കണം. അക്കാദമി, സ്റ്റൈപ്പന്റിന് അപേക്ഷ ക്ഷണിച്ചതിനുശേഷം കൈപ്പറ്റിയ വരുമാന സര്‍ട്ടിഫിക്കറ്റ് മാത്രമേ പരിഗണിക്കു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0487 2332134 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.