ത്രിദിന സംഗീത-നൃത്തോത്സവത്തിന് ഇന്ന് തിരിതാഴും; സമാപന സമ്മേളനം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും
എറണാകുളം: രാമമംഗലത്ത് കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ഷട്കാല ഗോവിന്ദ മാരാര്‍ സംഗീതോത്സവത്തിന് നവംബര്‍ 14 ന് തിരിതാഴും. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് നെച്ചൂര്‍ രതീശനും സംഘവും അവതരിപ്പിക്കുന്ന പഞ്ചരത്ന കീര്‍ത്തനാലാപനത്തോടെ മൂന്നാംദിന പരിപാടികള്‍ക്ക് തുടക്കം കുറിക്കും. 4.30 ന് ഏലൂര്‍ ബിജു അവതരിപ്പിക്കുന്ന സോപാന സംഗീതം അരങ്ങേറും. വൈകീട്ട് 5.30 ന് നടക്കുന്ന സമാപന സമ്മേളനം നിയമ-വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. അനൂപ് ജേക്കബ് എം എല്‍ എ അധ്യക്ഷത വഹിക്കും. വിവിധ ജനപ്രതിനിധികള്‍ ആശംസ നേര്‍ന്ന് സംസാരിക്കും. അക്കാദമി സെക്രട്ടറി ഡോ പ്രഭാകരന്‍ പഴശ്ശി സ്വാഗതവും ഷട്കാല ഗോവിന്ദ മാരാര്‍ സ്മാരക കലാസമിതി ജോയിന്റ് സെക്രട്ടറി പി പി രവീന്ദ്രന്‍ നന്ദിയും പറയും. രാത്രി ഏഴിന് ശ്രീലക്ഷ്മി ഗോവര്‍ധനന്‍ അവതരിപ്പിക്കുന്ന കുച്ചിപ്പൂഡിയോടെ പരിപാടിക്ക് സമാപനം കുറിക്കും.