പുതിയ സെക്രട്ടറി കരിവെള്ളൂര്‍ മുരളി
കേരള സംഗീത നാടക അക്കാദമിക്ക് പുതിയ ഭാരവാഹികള്‍
കേരള സംഗീത നാടക അക്കാദമിക്ക് പുതിയ ചെയര്‍മാനെയും വൈസ് ചെയ്‌പേഴ്‌സണെയും സെക്രട്ടറിയെയും നിയമിച്ച് സാംസ്‌കാരിക വകുപ്പ് ഉത്തരവിറങ്ങി. വാദ്യകുലപതി മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയെ ചെയര്‍മാനായും ഗായിക പുഷ്പവതി പി ആറിനെ വൈസ്‌ചെയര്‍പേഴ്‌സണായും നാടകകൃത്തും കവിയും പ്രഭാഷകനുമായ കരിവെള്ളൂര്‍ മുരളിയെ സെക്രട്ടറിയായും ആണ് സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ഉത്തരവിലൂടെ നിയമിച്ചത്.
കേരള സംഗീത നാടക അക്കാദമിയുടെ പുതിയ സെക്രട്ടറിയായി കരിവെള്ളൂര്‍ മുരളി ചുമതലയേറ്റു . അക്കാദമിയുടെ ഇരുപത്തിമൂന്നാമത്തെ സെക്രട്ടറിയാണ് അദ്ദേഹം . നാടകൃത്ത്, പ്രഭാഷകന്‍, കവി, ഗാനരചയിതാവ് എന്നീ നിലകളില്‍ സാംസ്‌കാരിക ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയാണ് കരിവെള്ളൂര്‍ മുരളി.കരിവെള്ളൂര്‍ സമരനായകന്‍ ഏ വി കുഞ്ഞമ്പുവിന്റെയും കെ ദേവയാനിയുടെയും മകനായി കരിവെള്ളൂരില്‍ ജനിച്ച അദ്ദേഹം ചെറുപ്രായത്തില്‍ തന്നെ നാടകത്തില്‍ ബാലനടനായി കലാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചു. ലഘുനാടകങ്ങള്‍ അടക്കം അറുപതോളം നാടകങ്ങള്‍ രചിച്ച അദ്ദേഹം കേരളത്തിലെ തെരുവ് നാടക വേദിയുടെയും തുറസ്സായ നാടക വേദിയുടെയും കലാജാഥ പ്രസ്ഥാനത്തിന്റെയും പ്രമുഖ പ്രയോക്തവായി പ്രവര്‍ത്തിച്ചിട്ടുണ്ട്.അദ്ദേഹം രചിച്ച നാടകങ്ങളും കവിതകളും പാട്ടുകളും എല്ലാ ഇന്ത്യന്‍ ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.ഇന്ത്യയില്‍ തന്നെ അറിയപ്പെടുന്ന ജനകീയ നാടക പ്രസ്ഥാനമായ കണ്ണൂര്‍ സംഘചേതന സ്ഥാപിക്കുന്നതിലും വളര്‍ത്തിയെടുക്കുന്നതിലും അദ്ദേഹം നിര്‍ണ്ണായമായ പങ്കുവഹിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി ഭാരവാഹിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ കലാരംഗത്തെ മികവിന് അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.