കേരള സംഗീത നാടക അക്കാദമി ഹോപ്പ് ഫെസ്റ്റ് ഇന്ന് സമാപിക്കും

തൃശ്ശൂർ: സംഗീതം, നാടകം, വാദ്യം എന്നിവ ഉൾക്കൊള്ളിച്ച്‌ കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ത്രിദിന ഹോപ്പ് ഫെസ്റ്റ് ഇന്ന് സമാപിക്കും. സമാപനസമ്മേളനം വൈകുന്നേരം 6ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്‌ഘാടനം ചെയ്യും. അക്കാദമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട് അധ്യക്ഷത വഹിക്കും. മുഖ്യാതിഥി തൃശ്ശൂർ കോർപ്പറേഷൻ മേയർ എം കെ വർഗീസ്. അക്കാദമി നിർവ്വാഹകസമിതി അംഗങ്ങളായ വി ടി മുരളി, രാജശ്രീ വാര്യർ, അക്കാദമി സെക്രട്ടറി ഡോ. പ്രഭാകരൻ പഴശ്ശി എന്നിവർ ചടങ്ങിൽ സംബന്ധിക്കും.

രാവിലെ 11 ന് അഭീഷ് ശശിധരൻ സംവിധാനം ചെയ്ത, മീഡിയേറ്റഡ്‌ പെർഫോമൻസ് അക്കാദമി അങ്കണത്തിൽ നടക്കും. രാവിലെ 11നും 4.30നും ബ്ലാക്ക് ബോക്സിൽ രാജീവ് കൃഷ്ണൻ സംവിധാനം ചെയ്ത 'ഉങ്കള നീങ്ക യെപ്പടി പാക്ക വിരുമ്പറീങ്കേ' എന്ന തമിഴ് സോളോ അരങ്ങേറും. 11.30 ന് കെ ടി മുഹമ്മദ് സ്മാരക റീജിയണൽ തിയേറ്ററിൽ ഡിജിറ്റൽ തിയേറ്റർ സ്ക്രീനിംഗ് നടക്കും. 12.15 ന് ഇറ്റ്ഫോക്ക്‌ ഗാലറിയിൽ ഗ്രാമീണ നാടക വേദിയെന്ന വിഷയത്തിൽ ശ്രീജ ആറങ്ങോട്ടുകരയും പി പി രാമചന്ദ്രനും തമ്മിലുള്ള സംഭാഷണം. 2.30 ന് വിജേഷ് കെ സംവിധാനം ചെയ്ത 'ഡ്രൗ'വിന്റെ ഡിജിറ്റൽ സ്ക്രീനിങ്ങ്. വൈകീട്ട് നാലിന് ജയപ്രകാശ് കുളൂർ തയ്യാറാക്കി സുധി പാനൂർ അഭിനയിക്കുന്ന 'വെളിച്ചെണ്ണ' എന്ന ചെറുനാടകം. 4.45നും 6നും കെ ടി മുഹമ്മദ് സ്മാരക റീജിയണൽ തിയേറ്ററിൽ ഇറ്റ്ഫോക്ക് ആർക്കൈവ്സ് വീഡിയോ സ്ക്രീനിംങ്ങ്. രാത്രി എട്ടിന് ഗുജറാത്തി സൂഫി നാടോടി ഗായകനായ മൂരാലാല മർവാഡ അവതരിപ്പിക്കുന്ന സംഗീത പരിപാടിയോടെ ഹോപ്പ് ഫെസ്റ്റിന് സമാപനം കുറിക്കും.

Related Posts