കേരള സംഗീത നാടക അക്കാദമി ഏകപാത്ര നാടകോത്സവത്തിലേക്കുള്ള എന്‍ട്രികള്‍ ക്ഷണിക്കുന്നു.

50 ഏകപാത്ര നാടകങ്ങള്‍ക്ക് 15 ലക്ഷം രൂപയുടെ ധനസഹായം

തൃശ്ശൂർ: അരങ്ങിനെ ഊര്‍ജ്ജസ്വലമാക്കുന്നതിന്‍റെ ഭാഗമായി കേരള സംഗീത നാടക അക്കാദമി ഏകപാത്ര നാടകോത്സവം നടത്തും. പുതിയ നാടകങ്ങളോ, നിലവില്‍ അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന നാടകങ്ങളോ ആകാം. ഇതിന്‍റെ ഭാഗമായി തെരഞ്ഞെടുക്കപ്പെടുന്ന 50 ഏകപാത്ര നാടകങ്ങള്‍ക്ക് രണ്ട് വേദികളില്‍ അവതരണം നടത്തുന്നതിന് 30,000 രൂപ വീതം അക്കാദമി പ്രതിഫലം നല്‍കും. പത്ത് കേന്ദ്രങ്ങളിലെ ഏകപാത്ര നാടകോത്സവങ്ങളിലായി 50 ഏകപാത്ര നാടകങ്ങളുടെ നൂറ് അവതരണങ്ങള്‍ നടത്താനാണ് അക്കാദമി ലക്ഷ്യമിടുന്നതെന്ന് സെക്രട്ടറി ഡോ. പ്രഭാകരന്‍ പഴശ്ശി പറഞ്ഞു. നാടകം അവതരിപ്പിക്കുന്ന സംഘം അക്കാദമിയില്‍ അഫിലിയേറ്റ് ചെയ്യണമെന്ന് നിര്‍ബന്ധമില്ല. വ്യക്തികള്‍ക്കും നാടക കലാകാരന്മാര്‍ക്കും ഏകപാത്ര നാടകോത്സവത്തിലേക്കുള്ള എന്‍ട്രികള്‍ ഫെബ്രുവരി 23 വരെ സമര്‍പ്പിക്കാം. വെള്ളക്കടലാസില്‍ തയ്യറാക്കുന്ന അപേക്ഷയോടൊപ്പം നാടകസംഘം, അഭിനേതാവ്, സംവിധായകന്‍, നാടകകൃത്ത് എന്നിവരെക്കുറിച്ചുള്ള വിശദാംശങ്ങളും നാടകകൃത്തിന്‍റെ സമ്മതപത്രവും നാടകത്തിന്‍റെ ഉള്ളടക്കം, സന്ദേശം എന്നിവ രേഖപ്പെടുത്തിയ ചെറുകുറിപ്പും ഉണ്ടായിരിക്കണം. ഏകാംഗ നാടകാവതരണം, സ്വതന്ത്രമായ നാടക രചനയല്ലാതെ, മറ്റേതെങ്കിലും കൃതിയുടെയോ ആവിഷ്‌കാരങ്ങളുടെയോ അഡാപ്‌റ്റേഷനായോ, പ്രചോദമുള്‍ക്കൊണ്ടോ, തയ്യാറാക്കിയതാണെങ്കില്‍, പകര്‍പ്പവകാശ പരിധിയില്‍ വരുന്നതാണെങ്കില്‍, മൂലകൃതിയുടെ ഗ്രന്ഥകര്‍ത്താവില്‍ നിന്ന് സമ്മതപത്രം വാങ്ങി അപേക്ഷയൊടൊപ്പം ഹാജരാക്കണം. മൂലകൃതിയുടെ ഗ്രന്ഥകര്‍ത്താവില്‍ നിന്ന് സമ്മതപത്രം വാങ്ങി ഹാജരാക്കാന്‍ പറ്റിയില്ലെങ്കില്‍, പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട എല്ലാ നിയമപരമായ പ്രശ്നങ്ങള്‍ക്കും നാടകസംഘം സെക്രട്ടറി/ അപേക്ഷകര്‍ ഉത്തരവാദിയായിരിക്കുമെന്ന് രേഖപ്പെടുത്തി, നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യവാങ്ങ്മൂലം അപേക്ഷയോടൊപ്പം ഹാജരാക്കണം. അരമണിക്കൂറില്‍ കുറയാത്തതും മുക്കാല്‍ മണിക്കൂറില്‍ അധികരിക്കാത്തതുമായ ഏകാംഗ നാടകത്തിന്‍റെ സിഡി/ പെന്‍ഡ്രൈവ് എന്നിവയും അപേക്ഷയോടൊപ്പം സമര്‍പ്പിച്ചിരിക്കണം. വാട്സ് ആപ്പ്, ഇ-മെയില്‍ മുഖേന അപേക്ഷയും ഏകാംഗ നാടകത്തിന്‍റെ ഡിജിറ്റല്‍ ഫോര്‍മാറ്റും സ്വീകരിക്കുന്നതല്ല. അപേക്ഷയോടൊപ്പം അക്കാദമിയില്‍ ഹാജരാക്കുന്ന രേഖകള്‍ തിരിച്ചു നല്‍കുന്നതല്ല.

Related Posts