കേരള സംഗീത നാടക അക്കാദമി; ഷട്കാല ഗോവിന്ദമാരാര്‍ സംഗീതോത്സവത്തിന് ഇന്ന് തിരിതെളിയും

എറണാകുളത്തെ രാമമംഗലത്ത് സംഘടിപ്പിക്കുന്ന ഈ ത്രിദിന സംഗീത-നൃത്തോത്സവം 14 ന് സമാപിക്കും

കേരള സംഗീത നാടക അക്കാദമി എല്ലാവര്‍ഷവും സംഘടിപ്പിക്കുന്ന ഷട്കാല ഗോവിന്ദമാരാര്‍ സംഗീതോത്സവത്തിന് ഇന്ന് (നവംബര്‍ 12 ന് )തിരിതെളിയും.അസാദ്ധ്യമായ ആലാപന സരണികള്‍ താണ്ടിയ യുഗപ്രഭാവനായ ഷട്കാല ഗോവിന്ദ മാരാര്‍ക്കുള്ള ശ്രദ്ധാഞ്ജലിയായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഷട്കാല ഗോവിന്ദമാരാരുടെ ജന്മനാടായ എറണാകുളത്തെ രാമമംഗലത്താണ് ഈ ത്രിദിന സംഗീത -നൃത്തോത്സവം അരങ്ങേറുക. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും കലാസാംസ്‌കാരിക ലോകത്തിന് പുത്തണുണര്‍വ് പകരുന്നതിന് വേണ്ടിയാണ് അക്കാദമി ഇത്തരം ദൗത്യത്തില്‍ പങ്കാളികളാവുന്നതെന്ന് അക്കാദമി സെക്രട്ടറി ഡോ.പ്രഭാകരന്‍ പഴശ്ശി പറഞ്ഞു. രാമമംഗലത്തെ ഷട്കാല ഗോവിന്ദമാരാര്‍ സ്മാരക കലാസമിതിയുമായി സഹകരിച്ചാണ് അക്കാദമി ഈ പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ന് (നവംബര്‍ 12 ന്) വൈകീട്ട് നാലിന് ഷട്കാല ഗോവിന്ദമാരാര്‍ സ്മാരക കലാസമിതി ഓഡിറ്റോറിയത്തില്‍ താഴത്തേടത് മുരളീധരമാരാരും സംഘവും അവതരിപ്പിക്കുന്ന കേളിയോടെ പരിപാടി ആരംഭിക്കും. 4.30 ന് തൃക്കാമ്പുറം ജയന്‍ അവതരിപ്പിക്കുന്ന സോപാനസംഗീതം അരങ്ങേറും .വൈകീട്ട് 5 ന് സംഗീതോത്സവത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം അക്കാദമി വൈസ്‌ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട്ട് നിര്‍വഹിക്കും. ഷട്കാല ഗോവിന്ദ മാരാര്‍ സ്മാരക കലാസമിതി പ്രസിഡണ്ട് പ്രൊഫ.ജോര്‍ജ്ജ് എസ് പോള്‍ അധ്യക്ഷത വഹിക്കും. വിവിധ ജനപ്രതിനിധികള്‍ ആശംസ നേര്‍ന്ന് സംസാരിക്കും. അക്കാദമി സെക്രട്ടറി ഡോ. പ്രഭാകരന്‍ പഴശ്ശി സ്വാഗതവും ഷട്കാല ഗോവിന്ദ മാരാര്‍ സ്മാരക കലാസമിതി സെക്രട്ടറി കെ ജയചന്ദ്രന്‍ നായര്‍ നന്ദിയും പറയും. തുടര്‍ന്ന് കലാമണ്ഡലം വേണിയുടെ മോഹിനിയാട്ടം അരങ്ങേറും

Related Posts