കേരള സംഗീത നാടക അക്കാദമിയുടെ 2022 ലെ സംസ്ഥാന പ്രൊഫഷണല്‍ നാടകമത്സര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
കേരള സംഗീത നാടക അക്കാദമിയുടെ 2022 ലെ സംസ്ഥാന പ്രൊഫഷണല്‍ നാടകമത്സര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 19 ഇനങ്ങളിലാണ് അക്കാദമി അവാര്‍ഡ് നല്‍കുന്നത്. മെയ് 29 മുതല്‍ ജൂണ്‍ രണ്ട് വരെ നടന്ന പ്രൊഫഷണല്‍ നാടക മത്സരത്തില്‍ മാറ്റുരച്ച പത്ത് നാടകങ്ങളില്‍ നിന്നാണ് അവാര്‍ഡിന് അര്‍ഹമായ നാടകങ്ങളെ തെരഞ്ഞെടുത്തത്. വള്ളുവനാട് ബ്രഹ്‌മയുടെ രണ്ട് നക്ഷത്രങ്ങള്‍ എന്ന നാടകമാണ് മികച്ച നാടകാവതരണത്തിനുള്ള അവാര്‍ഡിന് അര്‍ഹമായത്.
ശില്പവും പ്രശംസാപത്രവും 50,000 രൂപയുമാണ് ഇവര്‍ക്ക് ലഭിക്കുക. മികച്ച രണ്ടാമത്തെ നാടകാവതരണത്തിന് ചൈത്രതാര തിയേറ്റേഴ്സിന്റെ ഞാന്‍ എന്ന നാടകവും തെരഞ്ഞെടുക്കപ്പെട്ടു. ശില്‍പവും പ്രശംസാപത്രവും 30,000 രൂപയുമാണ് ഇവര്‍ക്ക് ലഭിക്കുക. രണ്ട് നക്ഷത്രങ്ങള്‍ എന്ന നാടകത്തിന്റെ സംവിധായകന്‍ രാജേഷ് ഇരുളമാണ് മികച്ച സംവിധായകന്‍. കൊച്ചിന്‍ ചന്ദ്രകാന്തയുടെ നത്ത് മാത്തന്‍ ഒന്നാം സാക്ഷി എന്ന നാടകത്തിന്റെ സംവിധായകന്‍ രാജീവന്‍ മമ്മിളിയാണ് മികച്ച രണ്ടാമത്തെ സംവിധായകന്‍.
കോഴിക്കോട് രംഗമിത്ര അവതരിപ്പിച്ച പണ്ട് രണ്ട് കൂട്ടുകാരികള്‍ എന്ന നാടകത്തിന്റെ രചന നിര്‍വഹിച്ച പ്രദീപ് കുമാര്‍ കാവുംതറയാണ് മികച്ച നാടകകൃത്ത്. രണ്ട് നക്ഷത്രങ്ങള്‍ എന്ന നാടകത്തിന്റെ രചയിതാവ് ഹേമന്ത് കുമാര്‍ ആണ് മികച്ച രണ്ടാമത്തെ നാടകകൃത്ത്. മികച്ച സംവിധായകനും നാടകകൃത്തിനും ശില്പവും പ്രശംസാപത്രവും 30,000 രൂപ വീതവും നല്‍കും. മികച്ച രണ്ടാമത്തെ സംവിധായകനും രണ്ടാമത്തെ നാടകകൃത്തിനും ശിലപവും പ്രശംസാപത്രവും 20,000 രൂപ വീതവും നല്‍കും. രണ്ട് നക്ഷത്രങ്ങള്‍ എന്ന നാടകത്തിലെ ബിജു ജയാനന്ദന്‍ ആണ് മികച്ച നടന്‍. നത്ത് മാത്തന്‍ ഒന്നാം സാക്ഷി എന്ന നാടകത്തിലെ കലവൂര്‍ ശ്രീലന്‍ ആണ് മികച്ച രണ്ടാമത്തെ നടന്‍.
കോഴിക്കോട് രംഗഭാഷയുടെ മൂക്കൂത്തി എന്ന നാടകത്തിലെ കലാമണ്ഡലം സന്ധ്യയാണ് മികച്ച നടി. ഞാന്‍ എന്ന നാടകത്തിലെ അനു കുഞ്ഞുമോന്‍ ആണ് മികച്ച രണ്ടാമത്തെ നടി. മികച്ച നടനും നടിക്കും ശില്പവും പ്രശംസാപത്രവും 25,000 രൂപ വീതവും മികച്ച രണ്ടാമത്തെ നടനും രണ്ടാമത്തെ നടിക്കും ശില്പവും പ്രശംസാപത്രവും 15,000 രൂപ വീതവും നല്‍കും.
കെ പി എ സി അവതരിപ്പിച്ച അപരാജിതര്‍ എന്ന നാടകത്തിലെ ഗാനം ആലപിച്ച കല്ലറ ഗോപനാണ് മികച്ച ഗായകന്‍. കാളിദാസ കലാകേന്ദ്രത്തിന്റെ ചന്ദ്രികക്കുമുണ്ടൊരു കഥ എന്ന നാടകത്തിലെയും ചൈത്രതാര തിയറ്റേഴ്സിന്റെ ഞാന്‍ എന്ന നാടകത്തിലെയും ഗാനം ആലപിച്ച ശുഭ രഘുനാഥ് ആണ് മികച്ച ഗായിക. മികച്ച ഗായകനും ഗായികയ്ക്കും ശില്പവും പ്രശംസാപത്രവും 10,000 രൂപ വീതവും ലഭിക്കും.അപരാജിതര്‍എന്ന നാടകത്തിന് സംഗീത സംവിധാനം നിര്‍വഹിച്ച ഉദയകുമാര്‍ അഞ്ചലാണ് മികച്ച സംഗീത സംവിധായകന്‍.
ഇതേ നാടകത്തിലെ ഗാനങ്ങള്‍ രചിച്ച ശ്രീകുമാരന്‍ തമ്പിയാണ് മികച്ച ഗാനരചയിതാവ്. മികച്ച സംഗീത സംവിധായകനും ഗാനരചയിതാവിനും ശില്പവും പ്രശംസാപത്രവും 15,000 രൂപ വീതവും നല്‍കും. നത്ത് മാത്തന്‍ ഒന്നാം സാക്ഷി എന്ന നാടകത്തിന്റെ രംഗപട സംവിധാനം നിര്‍വഹിച്ച ആര്‍ട്ടിസ്റ്റ് സുജാതനാണ് മികച്ച രംഗപട സംവിധായകന്‍. അദ്ദേഹത്തിന് ശില്പവും പ്രശംസാപത്രവും 20,000 രൂപയും നല്‍കും. കാഞ്ഞിരപ്പള്ളി അമലയുടെ കടലാസിലെ ആന, വള്ളുവനാട് ബ്രഹ്‌മയുടെ രണ്ട് നക്ഷത്രങ്ങള്‍, കോഴിക്കോട് സങ്കീര്‍ത്തനയുടെ വേട്ട എന്നീ നാടകങ്ങള്‍ക്ക് ദീപസംവിധാനം നിര്‍വഹിച്ച രാജേഷ് ഇരുളമാണ് മികച്ച ദീപസംവിധായകന്‍. കോഴിക്കോട് സങ്കീര്‍ത്തനയുടെ വേട്ട എന്ന നാടകത്തിന് വസ്ത്രാലങ്കാരം നിര്‍വഹിച്ച വക്കം മാഹിന്‍ ആണ് മികച്ച വസ്ത്രാലങ്കാരത്തിനുള്ള അവാര്‍ഡ് ലഭിച്ചത്. കെ പി എ സി യുടെ അപരാജിതര്‍ എന്ന നാടകത്തിനും കാളിദാസകലാകേന്ദ്രത്തിന്റെ ചന്ദ്രികക്കുമുണ്ടൊരു കഥ എന്ന നാടകത്തിനും ചൈത്രതാര തിയറ്റേഴ്സിന്റെ ഞാന്‍ എന്ന നാടകത്തിനും പശ്ചാത്തല സംഗീത സംവിധാനം ഒരുക്കിയ ഉദയകുമാര്‍ അഞ്ചല്‍ ആണ് മികച്ച പശ്ചാത്തല സംഗീത സംവിധായകന്‍. ഇതേ നാടകങ്ങള്‍ക്ക് ശബ്ദം റിക്കോര്‍ഡ് ചെയ്ത് റജി ശ്രീരാഗ് ആണ് മികച്ച ശബ്ദലേഖകന്‍. മികച്ച ദീപ സംവിധായകന്‍, മികച്ച വസ്ത്രാലങ്കാരം, മികച്ച പശ്ചാത്തല സംഗീത സംവിധായകന്‍, മികച്ച ശബ്ദലേഖകന്‍ എന്നിവര്‍ക്ക് ശില്പവും പ്രശംസാപത്രവും 15,000 രൂപ വീതവും ലഭിക്കും. കോഴിക്കോട് രംഗമിത്രയുടെ പണ്ട് രണ്ട് കൂട്ടുകാരികള്‍ എന്ന നാടകത്തിലെ അഭിനവ്, അളകാബാബു എന്നീ കുട്ടികള്‍ക്ക് പ്രോത്സാഹനമായി അക്കാദമി പതക്കവും സാക്ഷ്യപത്രവും നല്‍കുമെന്ന് അക്കാദമി സെക്രട്ടറിയും ജൂറി മെമ്പര്‍ സെക്രട്ടറിയുമായ കരിവെള്ളൂര്‍ മുരളി പറഞ്ഞു. ഗോപിനാഥ് കോഴിക്കോട് ജൂറി ചെയര്‍മാനായും അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി മെമ്പര്‍ സെക്രട്ടറിയായും ശിവജി ഗുരുവായൂര്‍, വില്‍സണ്‍ സാമുവല്‍ എന്നിവര്‍ അംഗങ്ങളുമായുള്ള ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്. ജൂറി ചെയര്‍മാന്‍ ഗോപിനാഥ് കോഴിക്കോടും അക്കാദമി സെക്രട്ടറിയും ജൂറി മെമ്പര്‍ സെക്രട്ടറിയുമായ കരിവെള്ളൂര്‍ മുരളി, ജൂറി അംഗം ശിവജി ഗുരുവായൂര്‍, അക്കാദമി പ്രോഗ്രാം ഓഫീസര്‍ വി.കെ അനില്‍ കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.