‘കേരള സവാരി’; സർക്കാരിന്റെ ഓൺലൈൻ ടാക്‌സി സർവീസ് ഇന്നു മുതൽ
തിരുവനന്തപുരം: സുരക്ഷിതവും ചെലവുകുറഞ്ഞതുമായ യാത്ര ഉറപ്പുവരുത്താൻ സംസ്ഥാനത്തിന്റെ സ്വന്തം ഓൺലൈൻ ടാക്‌സി സർവീസായ ‘കേരള സവാരി’ ഇന്ന് മുതൽ നിരത്തിലിറങ്ങും. കനകക്കുന്നിൽ പകൽ 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. രാജ്യത്ത് ആദ്യമായാണ് ഒരുസംസ്ഥാനം ഓൺലൈൻ ടാക്‌സി സർവീസ് ആരംഭിക്കുന്നത്. തുടക്കത്തിൽ തിരുവനന്തപുരം നഗരത്തിലാണ് പദ്ധതി നടപ്പാക്കുക. 302 ഓട്ടോയും 226 ടാക്‌സിയും രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. 22 പേർ വനിതകളാണ്. സർക്കാർ നിശ്‌ചയിച്ച ഓട്ടോ–- ടാക്‌സി നിരക്കിന് പുറമെ എട്ടുശതമാനമാണ് സർവീസ് ചാർജ്. മറ്റു ടാക്‌സി സർവീസുകളേക്കാൾ കുറവാണിത്. ഫ്ലക്സി നിരക്കല്ലാത്തതിനാൽ തിരക്കുള്ള സമയത്ത് കൂടുതൽ തുക നൽകേണ്ട. യാത്രക്കാർക്ക് ഡ്രൈവറെയും തിരിച്ചും വിലയിരുത്താം. ഇന്ന് ഉച്ചയോടെ ഗൂഗിൾ പ്ലേസ്റ്റോറിൽ കേരള സവാരി ആപ്പ് ലഭ്യമാകും. അധികം താമസിയാതെ തന്നെ ആപ്പ് സ്റ്റോറിലും കേരള സവാരി ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വിശദീകരിച്ചിട്ടുണ്ട്. രാജ്യത്ത് ആദ്യമായാണ് സംസ്ഥാന സർക്കാർ ഇത്തരത്തിലൊരു സംവിധാനം ഒരുക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള സവാരിയുടെ വെബ്‌സൈറ്റിലും ആപ്ലിക്കേഷനിലും പുതുതായി ഡ്രൈവർമാർക്ക് രജിസ്‌റ്റർ ചെയ്യാം. മൂന്നുമാസമാണ് പൈലറ്റ് പദ്ധതിയെങ്കിലും വിജയമെന്ന് കണ്ടാൽ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കും. രണ്ടാംഘട്ടത്തിൽ കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ കോർപറേഷൻ പരിധിയിലാണ് സർവീസ് ആരംഭിക്കുക.