അതിരപ്പിള്ളി വിനോദസഞ്ചാര മേഖലയിൽ ഞായറാഴ്ച്ച സഞ്ചാരികളുടെ വൻ തിരക്ക്.
ചാലക്കുടി: കൊവിഡ് പ്രതിസന്ധിയെ തുടർന്ന് അടഞ്ഞുകിടന്ന അതിരപ്പിള്ളി മേഖലയിൽ ഞായറാഴ്ച്ച സഞ്ചാരികളുടെ വൻ തിരക്ക് അനുഭവപ്പെട്ടു. ഓണദിനത്തേക്കാൾ കൂടുതൽ പേരാണ് ഞായറാഴ്ച അതിരപ്പിള്ളി വിനോദസഞ്ചാര മേഖലയിലെത്തിയത്. തിരക്കനുഭവപ്പെട്ടത് കച്ചവടക്കാരിൽ പ്രതീക്ഷയുണർത്തിയിട്ടുണ്ട്. എന്നാൽ കൂട്ടത്തോടെ സഞ്ചാരികളെത്തിയത് കൊവിഡ് വ്യാപനത്തിന് കാരണമാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. എണ്ണായിരത്തോളം സഞ്ചാരികൾ എത്തിയതായാണ് കണക്കാക്കുന്നത്. അതിരപ്പിള്ളി, തുമ്പൂർമുഴി എന്നിവിടങ്ങളാണ് സഞ്ചാരികൾ കൂടുതൽ എത്തിയത്. സഞ്ചാരികളുടെ തിരക്ക് വരും ദിവസങ്ങളിലും തുടരുമെന്നാണ് കണക്കുകൂട്ടൽ. വാഴച്ചാൽ മേഖല ഇപ്പോഴും തുറന്നുകൊടുത്തിട്ടില്ല. മലക്കപ്പാറയിലും നിരവധി സഞ്ചാരികൾ എത്തി.
വാഹനങ്ങൾ വഴിയോരങ്ങളിൽ പാർക്ക് ചെയ്തതോടെ അന്തർ സംസ്ഥാനപാതയിൽ വലിയ ഗതാഗത കുരുക്കും അനുഭവപ്പെട്ടു.