ലോക മുലയൂട്ടല്‍ വാരാചരണം 2021 ജില്ലാ തല ഉദ്ഘാടനവും വെബിനാറും സംഘടിപ്പിച്ചു.
തൃശൂർ: ആഗസറ്റ് 1 മുതല്‍ 7 വരെ 'ലോക മുലയൂട്ടല്‍ വാരാചരണം ആചരിക്കുന്നതിന്റെ ഭാഗമായി ജില്ലാ മെഡിക്കല ഓഫീസിന്റെയും ആരോഗ്യകേരളം തൃശൂരിന്റെയും സംയുക്താഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ എം കെ വര്‍ഗീസ് നിര്‍വഹിച്ചു. ഓണ്‍ലൈനായി സംഘടിപ്പിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. തൃശൂര്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, വിശിഷ്ടാതിഥിയായിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ ജെ റീന യോഗത്തിന് സ്വാഗതം പറഞ്ഞു. തൃശൂര്‍ കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി കെ ഷാജന്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ വി വല്ലഭന്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ എന്‍ സതീഷ് എന്നിവര്‍ സന്നിഹിതരായിരുന്നു. ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ. കെ ടി പ്രേമകുമാര്‍ ചടങ്ങില്‍ നന്ദി പറഞ്ഞു.
ഉദ്ഘാടനത്തിനുശേഷം ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി വര്‍ക്കര്‍ എന്നിവര്‍ക്കായി സംഘടിപ്പിച്ച വെബിനാറില്‍ നിയോനാറ്റോളജിസ്റ്റ് ഡോ. ഫെബി ഫ്രാന്‍സിസ് മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസെടുത്തു. ലോകമുലയൂട്ടല്‍ വാരാചരണത്തിന്റെ ഈ വര്‍ഷത്തെ സന്ദേശം 'മുലയൂട്ടല്‍ പരിരക്ഷണം ഒരു കൂട്ടായ ഉത്തരവാദിത്തം' എന്നതാണ്. ഗര്‍ഭിണിയാകുമ്പോള്‍ മുതല്‍ സ്ത്രീകള്‍ മുലയൂട്ടലിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഡോക്ടര്‍ വിശദീകരിച്ചു.
ലോക മുലയൂട്ടൽ വാരാചരണത്തോടനുബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ കീഴിലുളള എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും മുലയൂട്ടുന്ന അമ്മമാര്‍ക്ക് ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ട്.