ഷൂട്ടിങ്ങിന് അനുമതിയില്ല; സിനിമ നിര്‍മാണവും അന്യസംസ്ഥാനങ്ങളിലേക്ക്, മുഖ്യമന്ത്രി ഇടപെടണമെന്ന് സംഘടനകള്‍.

തെലങ്കാനയിലേക്കും തമിഴ്‌നാട്ടിലേക്കും പോയത് ഏഴു സിനിമകൾ.

കൊച്ചി:

ലോക്ഡൗണിൽ അനുമതി നിഷേധിക്കപ്പെട്ടതോടെ മലയാള സിനിമകൾ ചിത്രീകരണത്തിന് അയൽസംസ്ഥാനങ്ങളിലേക്ക് പോകുന്നു. മോഹൻലാൽ ചിത്രം ഉൾപ്പെടെ ഏഴു ചിത്രങ്ങളാണ് മറ്റു സംസ്ഥാനങ്ങളിലായി ചിത്രീകരണം നടത്തുന്നത്. ഇതുമൂലം കേരളത്തിലെ ആയിരത്തിലേറെപ്പേർക്കു തൊഴിൽ നഷ്ടമുണ്ടായതായാണ് സിനിമാ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ 'ഫെഫ്ക'യുടെ വിലയിരുത്തൽ. നിയന്ത്രണങ്ങളിൽ ഇളവുനൽകിയില്ലെങ്കിൽ മറ്റു നിർമാതാക്കളും ഈ വഴി തേടുമെന്നാണ് സൂചന. ഇത് സംഭവിച്ചാൽ അടിസ്ഥാന മേഖലകളിൽ പ്രവർത്തിക്കുന്ന 14000-ത്തിലേറെപ്പേർ പ്രതിസന്ധിയിലാകും.

ചിത്രീകരണത്തിനുമുമ്പ് കൊവിഡ് ടെസ്റ്റ് നടത്തി മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാമെന്ന് നിർമാതാക്കൾ സർക്കാരിനെ അറിയിച്ചിരുന്നു. എന്നിട്ടും ഇക്കാര്യത്തിൽ അനുകൂല നിലപാടുണ്ടാകുന്നില്ലെന്നാണ് നിർമാതാക്കളുടെ സംഘടന പറയുന്നത്. നിബന്ധനകളൊന്നുമില്ലാതെ ചിത്രീകരണം നടത്തമെന്നാണ് അയൽ സംസ്ഥാനങ്ങൾ നൽകുന്ന വാഗ്ദാനം. ചിത്രീകരണം തുടങ്ങാൻ തയ്യാറായിരിക്കുന്ന ഇരുപതോളം ചിത്രങ്ങൾ സർക്കാർ അനുമതി കാത്തിരിക്കുകയാണ്. അമൽനീരദ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം, ഫാസിൽ നിർമിക്കുന്ന ഫഹദ് ഫാസിൽ ചിത്രം 'മലയൻകുഞ്ഞ്' തുടങ്ങിയവ ഇതിലുൾപ്പെടും.

സീരിയല്‍ മേഖലയിലുള്ളവര്‍ക്ക് വാക്സിന്‍ എടുത്തതിന് ശേഷം പ്രോട്ടോക്കോള്‍ പ്രകാരം നിശ്ചിത ആളുകളെ വച്ച് ചിത്രീകരണത്തിന് അനുമതി നല്‍കിയിട്ടുണ്ട്. ഇത് സിനിമയ്ക്കും ബാധകമാക്കണമെന്നാണ് സംഘടനകളുടെ ആവശ്യം.

ഫെഫ്ക അടക്കമുള്ള സംഘടനകള്‍ കേരളത്തില്‍ ചിത്രീകരണത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടു. പ്രശ്നത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും അവര്‍ പറയുന്നു. നിര്‍മാതാക്കളും ഇതേ ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്.

Related Posts