സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം; വീഡിയോ പ്രകാശനം ചെയ്തു.

തൃശൂർ: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി തൃശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ വീഡിയോ കലക്ടര്‍ ഹരിത വി കുമാര്‍ പ്രകാശനം ചെയ്തു. തൃശൂര്‍ തേക്കിന്‍കാട് മൈതാനം വിദേശാധിപത്യത്തിനെതിരായ ചെറുത്തുനില്‍പുകളുടെ സ്മരണയില്‍ എന്ന തലക്കെട്ടോടെയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. സ്വാതന്ത്ര്യസമരത്തില്‍ തൃശൂരിന്റെ അധ്യായങ്ങളെ ഒരിക്കല്‍ക്കൂടി രേഖപ്പെടുത്തുന്നതാണ് വീഡിയോ. മണ്‍മറഞ്ഞുപോയ തൃശൂരിലെ പ്രമുഖ സ്വാതന്ത്ര്യസമര സേനാനികളുടെയും ഗാന്ധിജി തൃശൂരിലെത്തിയതിന്റെയുമെല്ലാം അപൂര്‍വ ചിത്രങ്ങളും ഓര്‍മകളും തേക്കിന്‍കാട് മൈതാനത്തില്‍ സ്വാതന്ത്ര്യസമരകാലത്തെ സ്മരണകള്‍ ഉറങ്ങുന്ന ഇടങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജില്ലയിലെ മന്ത്രിമാരായ അഡ്വ കെ രാജന്‍, കെ രാധാകൃഷ്ണന്‍, ഡോ. ആര്‍ ബിന്ദു, സ്വാതന്ത്ര്യസമര സേനാനി ചിത്രന്‍ നമ്പൂതിരിപ്പാട്, ചരിത്ര നിരീക്ഷകന്‍ വിന്‍സെന്റ് പുത്തൂര്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എം പി സുരേന്ദ്രന്‍, സി എ കൃഷ്ണന്‍, സ്വാതന്ത്യസമര സേനാനി വി ആര്‍ കൃഷ്ണനെഴുത്തച്ഛന്റെ മകന്‍ വി കെ ജയഗോവിന്ദന്‍, ഗാന്ധിയന്‍ സി എന്‍ നാരായണന്‍, മണക്കുളം മല്ലിക തമ്പുരാട്ടിയുടെ മകന്‍ അജിത്ത് കുമാര്‍ രാജ, മുന്‍മന്ത്രി കെ പി വിശ്വനാഥന്‍ എന്നിവരുടെ സ്മരണകളാണ് വീഡിയോയിലുള്ളത്. കലക്ടറുടെ ചേംബറില്‍ നടന്ന പരിപാടിയില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ശ്രുതി എ എസ് എന്നിവര്‍ പങ്കെടുത്തു.

Related Posts