അവധി ദിവസങ്ങളിലും വാക്‌സിനേഷൻ തുടരും.

തിരുവനന്തപുരം: നാളെ മുതൽ തുടർച്ചയായി അഞ്ചു ദിവസം പൊതു അവധിയാണെങ്കിലും വാക്സിനേഷൻ തുടരാൻ മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് അവലോകന യോഗത്തിൽ നിർദ്ദേശം നൽകി. എന്നാൽ, തിരുവോണനാളിൽ വാക്സിനേഷന് സാധ്യത കുറവാണ്.

രോഗികൾക്കും ഗർഭിണികൾക്കും മുൻഗണന നൽകണമെന്നും സിറിഞ്ച് ക്ഷാമം ഉണ്ടാവാതെ ഇടപെടണമെന്ന് ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകി. മറ്റു രോഗങ്ങൾ ഉള്ളവർ കൊവിഡ് ബാധിതരായാൽ ഉടൻ ആശുപത്രിയിലെത്തിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വാർഡ് സമിതികളും റാപിഡ് റസ്‌പോൺസ് ടീമുകളും ഉണർന്ന് പ്രവർത്തിക്കണം. ടെലിമെഡിസിൻ സംവിധാനം കൃത്യമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കണം.

പത്തനംതിട്ട മല്ലപ്പള്ളിയിൽ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച 124 പേർക്ക് കൊവിഡ് ബാധിച്ചത് സംബന്ധിച്ച് പഠനം നടത്താൻ ആരോഗ്യവകുപ്പിനും ആരോഗ്യ വിദഗ്ധസമിതിക്കും നിർദ്ദേശം നൽകി. ആറന്മുള വള്ളംകളിയുമായി ബന്ധപ്പെട്ട് ഇക്കുറിയും കഴിഞ്ഞതവണ നൽകിയ ഇളവുകൾ നൽകിയാൽ മതിയെന്നാണ് തീരുമാനം.

Related Posts