അലങ്കാര ചെടികള്‍ കൊണ്ട് കഥകളി മുഖം തീർത്ത് ഡാവിഞ്ചി സുരേഷ്.
മണ്ണുത്തി: 30 അടി വലുപ്പത്തില്‍ അലങ്കാര ചെടികള്‍ കൊണ്ട് കഥകളി മുഖം തീർത്ത് ഡാവിഞ്ചി സുരേഷ്. വ്യത്യസ്തമായ നിറങ്ങളിലുള്ള ചെടികള്‍ നിരത്തി വെച്ചാണ് കഥകളി ചിത്രം ഒരുക്കിയത്. മണ്ണുത്തിയിലെ മാടക്കത്തറ സ്കൂളിന് അടുത്തായുള്ള പയനീര്‍ അഗ്രി ഫാമിൽ വെയിലും മഴയും വകവെക്കാതെ വ്യത്യസ്തമായ ഇലകളുടെ നിറങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട് പത്തു മണിക്കൂര്‍ സമയമെടുത്താണ് ചിത്രം നിര്‍മ്മിച്ചത്.
അമ്പാടി പെബിള്സ് വിനോദും അഗ്രിഫാം ഉടമ സോജനും ആണ് സുരേഷിന്‍റെ നൂറു മീഡിയം ലക്ഷ്യത്തിലെ എഴുപത്തി രണ്ടാമത്തെ മീഡിയമായ ചെടികളില്‍ കഥകളി മുഖം ചെയ്യാനായി അവസരമൊരുക്കിയത്. ചെടികളിലെ ഇലകളുടെ കളറിലാണ് ചിത്രത്തിന്‍റെ ആകാശദൃശ്യം കാണാനാവുക. ഇതിനായി ക്യാമറാമാൻ സിംബാദും സഹായികളായി രാകേഷ് പള്ളത്ത്, ഫെബി, കൂടാതെ അഗ്രിഫാമിലെ തൊഴിലാളികൾ എന്നിവർ ഉണ്ടായിരുന്നു.