സമ്മതിദായകപ്പട്ടിക പുതുക്കൽ പ്രക്രിയ നവംബർ ഒന്നിന് ആരംഭിക്കും.
തിരുവനന്തപുരം: സമ്മതിദായകപ്പട്ടിക പുതുക്കൽ പ്രക്രിയ സംസ്ഥാനത്ത് കരട് വോട്ടർപ്പട്ടിക പ്രസിദ്ധീകരിക്കുന്ന നവംബർ ഒന്നിന് ആരംഭിക്കും. കരട് സമ്മതിദായകപ്പട്ടികയിലുള്ള അവകാശങ്ങൾ/ എതിർപ്പുകൾ നവംബർ ഒന്നുമുതൽ 30 വരെ ഉന്നയിക്കാം. കരട് സമ്മതിദായകപ്പട്ടികയിലുള്ള അവകാശങ്ങളും എതിർപ്പുകളും ഉൾപ്പെട്ട ലിസ്റ്റ് അതത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാരുടെ (തഹസിൽദാർ) നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കും. ലിസ്റ്റ് പ്രദർശിപ്പിച്ച് ഏഴ് ദിവസത്തിനുശേഷം പരാതികളും അവകാശങ്ങളും തീർപ്പ് കൽപ്പിക്കും. 2022 ജനുവരി അഞ്ചിന് അന്തിമ സമ്മതിദായകപ്പട്ടിക പ്രസിദ്ധീകരിക്കും.
18 വയസ്സ് പൂർത്തിയാകുന്ന അർഹരായ എല്ലാ പൗരന്മാർക്കും സമ്മതിദായകപ്പട്ടികയിൽ പേര് ചേർക്കുന്നതിനും നിലവിലുള്ള സമ്മതിദായകർക്ക് പട്ടികയിലെ വിവരങ്ങൾ നിയമാനുസൃതമായ മാറ്റം വരുത്തുന്നതിനും അവസരം ലഭിക്കും. അപേക്ഷകളെല്ലാം www.nvsp.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. കരട് സമ്മതിദായകപ്പട്ടിക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റിൽ (www.ceo.kerala.gov.in) ലഭ്യമാകും. ഇതിന്റെ പകർപ്പ് അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് നൽകും.