'കണ്ടോ ഈ കണ്ടല്‍': കടലോരം കാക്കാന്‍ കണ്ടല്‍നഴ്സറിയുമായി എറിയാട് പഞ്ചായത്ത്.
എറിയാട് :
കടല്‍ത്തീരത്ത് കണ്ടല്‍ച്ചെടികളും കാറ്റാടിമരങ്ങളും നട്ടുപിടിപ്പിക്കാനൊരുങ്ങി എറിയാട് ഗ്രാമപ്പഞ്ചായത്ത്. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ പഞ്ചായത്തിന്റെ വിവിധ തീരമേഖലകളില്‍ കണ്ടല്‍ വച്ചുപിടിപ്പിക്കുകയാണ് ലക്ഷ്യം. 250 പ്രവൃത്തികളാണ് ഇതിന്റെ ഭാഗമായി തൊഴിലുറപ്പ് പദ്ധതിയിലൂടെ നടപ്പാക്കുക. മതിലകം ബ്ലോക്ക് പഞ്ചായത്തിന്റെയും എറിയാട് പഞ്ചായത്തിന്റെയും സഹകരണത്തോടെ കണ്ണൂരിലെ കല്ലേന്‍ പൊക്കുടന്‍ മാന്‍ഗ്രൂവ് ട്രീ ട്രസ്റ്റിന്റെ മേല്‍നോട്ടത്തില്‍ പദ്ധതിയ്ക്ക് തുടക്കമിട്ടു. എറിയാട് മുഹമ്മദ് അബ്ദുറഹ്‌മാന്‍ സ്മാരക ലൈബ്രറിയുടെ സ്ഥലത്ത് കണ്ടല്‍വേലിയൊരുക്കാനുള്ള കണ്ടല്‍ നഴ്സറി തയ്യാറായി. ലൈബ്രറി ക്ലബ്ബിലെ ഒരുകൂട്ടം പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തിലാണ് ചെടികള്‍ പരിപാലിക്കപ്പെടുക.
കണ്ടല്‍വേലികള്‍ സ്ഥാപിക്കുന്നതിലൂടെ മണ്ണൊലിപ്പ് തടഞ്ഞ് കടലാക്രമണത്തില്‍ നിന്ന് തീരത്തെ രക്ഷിക്കാനും ജൈവ ആവാസ വ്യവസ്ഥ സംരക്ഷിക്കാനും കഴിയുമെന്നാണ് പ്രതീക്ഷ. കടലില്‍ വേലിയേറ്റ, വേലിയിറക്ക പ്രദേശത്തും നദിയും കായലും കടലില്‍ ചേരുന്ന സ്ഥലത്തും കണ്ടല്‍ വളര്‍ത്താനുള്ള ശ്രമത്തിലാണ് പഞ്ചായത്ത്. ഉപ്പു കലര്‍ന്ന വെള്ളത്തില്‍ വളരുന്ന കണ്ടല്‍ നിത്യഹരിത സ്വഭാവമുള്ളവയാണ്. മത്സ്യങ്ങള്‍ക്കും ജലജീവികള്‍ക്കും ആവാസ വ്യവസ്ഥയൊരുക്കുന്ന ഇവ പ്രകൃതിയുടെ നഴ്‌സറിയെന്നാണ് അറിയപ്പെടുന്നത്.
കണ്ടല്‍വേലിയൊരുക്കാനുള്ള കണ്ടല്‍ വിത്തുകള്‍ മുളങ്കുറ്റികളിലാക്കി മുളപ്പിച്ച് നടുന്ന രീതിയാണ് പിന്തുടരുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ 200 ചെടികളാണ് ഒരുക്കുന്നത്. ഒരടി നീളത്തില്‍ എട്ട് മുതല്‍ പന്ത്രണ്ട് സെന്റീമീറ്റര്‍ വരെ വ്യാസമുള്ള മുളങ്കുറ്റിയില്‍ മണലും ചകിരിച്ചോറും ചളിയും തുല്യ അനുപാതത്തില്‍ നിറച്ചാണ് വിത്തുകള്‍ പാകുക. റൈസോഫൊറേഷ്യ കുടുംബത്തില്‍പ്പെട്ട പ്രാന്തന്‍ കണ്ടലിന്റെ വിത്തുകളാണ് ഇതിനായി ഉപയോഗിച്ചത്. വായനശാലയുടെ നഴ്‌സറിയില്‍ പരിപാലിക്കപ്പെടുന്ന ഈ കണ്ടല്‍ ചെടികള്‍ സെപ്റ്റംബര്‍ - ഒക്ടോബര്‍ മാസങ്ങളില്‍ കടല്‍ത്തീരത്തെ അനുയോജ്യമായ മേഖലകളില്‍ ഉറപ്പിക്കുകയും പരിപാലനം ഉറപ്പുവരുത്തുകയും ചെയ്യുക എന്നുള്ളതാണ് ആദ്യ നടപടി.
തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി80,000 രൂപയാണ് കണ്ടല്‍നഴ്സറി സ്ഥാപിക്കാന്‍ വകയിരുത്തിയത്. പഞ്ചായത്തിന്റെ എല്ലാ വാര്‍ഡുകളിലും കണ്ടല്‍ച്ചെടികള്‍ നട്ടുപിടിക്കും. ഒരു ലക്ഷം രൂപയോളം ഇതിന് ചെലവ് വരും.രണ്ട് മാസം കൊണ്ട് വളര്‍ച്ചയെത്തുന്ന കണ്ടല്‍ച്ചെടികള്‍ തീരപ്രദേശങ്ങളില്‍ വെച്ചുപിടിപ്പിക്കും. ഇത്തരത്തില്‍വളരുന്ന കണ്ടല്‍ക്കാടുകള്‍ കടല്‍ക്ഷോഭം ഉള്‍പ്പടെയുള്ള നിരവധി പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായേക്കും. മുഹമ്മദ് അബ്ദുറഹ്‌മാന്‍സാഹിബ് ലൈബ്രറി വളപ്പിനെ മികച്ച കണ്ടല്‍ച്ചെടി നഴ്‌സറിയായി മാറ്റുകയാണ് അധികൃതരുടെ ലക്ഷ്യം. പഞ്ചായത്ത് അംഗം തമ്പി കണ്ണന്‍, ഇ കെ സോമന്‍ മാസ്റ്റര്‍, സജു, സുധാകരന്‍, നാസര്‍, സുനി, എറിയാട് കലാസൃഷ്ടി ക്ലബ് പ്രവര്‍ത്തകര്‍ എന്നിവര്‍ കണ്ടല്‍ച്ചെടി പ്രാവര്‍ത്തികമാക്കാന്‍ കൂടെ നിന്നു. പഞ്ചായത്തില്‍ അടിക്കടിയുണ്ടാകുന്ന കടലേറ്റത്തില്‍ നിന്ന് ഒരു പരിധി വരെയെങ്കിലും പഞ്ചായത്ത് നിവാസികളെ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജന്‍ പറഞ്ഞു.
കണ്ണൂരിലെ മുട്ടുകണ്ടിയിലാണ് കല്ലേന്‍ പൊക്കുടന്‍ മാന്‍ഗ്രൂവ് ട്രീ ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റേയും മനുഷ്യ നിര്‍മിതികളുടെ ഭാഗമായും കേരളത്തിന്റെ തീരമേഖലയില്‍ ഭയാനകമായ രീതിയില്‍ നാശം സംഭവിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് 'തീരത്തിനൊരു കണ്ടല്‍' എന്ന പദ്ധതിയ്ക്ക് ട്രസ്റ്റ് രൂപം നല്‍കുന്നത്. കണ്ടല്‍ക്കാടുകളുടെ സംരക്ഷകനായിരുന്ന കല്ലേന്‍ പൊക്കുടന്റെ മകനായ അനന്തനാണ് ട്രസ്റ്റിന്റെ ചുമതല.