ഗുരുവായൂരിലെ കെ ടി ഡി സി ആഹാർ ഹോട്ടൽ ഉദ്ഘാടത്തിനു ശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി.
തീർഥാടന ടൂറിസം കേന്ദ്രമാക്കി ഗുരുവായൂരിനെ മാറ്റുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.
ഗുരുവായൂർ: തീർഥാടന ടൂറിസം കേന്ദ്രമാക്കി ഗുരുവായൂരിനെ മാറ്റുന്നത് പരിഗണിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. നിശ്ചിത സമയത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയ ടൂറിസം പദ്ധതികൾക്കു പുറമെ, ചക്കംകണ്ടം കായൽ, ചാവക്കാട് കടൽ, ആനക്കോട്ട എന്നിങ്ങനെ പിൽഗ്രിം ടൂറിസത്തിനുള്ള സാധ്യതകൾക്കൂടി കണ്ടെത്തും. ടൂറിസം കേന്ദ്രങ്ങളിലേക്ക് യാത്രകൾക്ക് സഹായകമാകുന്ന ആപ് തയ്യാറാക്കും. ഗുരുവായൂരിലെ കെ ടി ഡി സി ആഹാർ ഹോട്ടൽ ഉദ്ഘാടത്തിനു ശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി.
പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത ഗുരുവായൂരിലെ റോഡുകളുടെ നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കും. എം എൽ എയുടെയും നാട്ടുകാരുടെയും നിവേദനങ്ങൾ പരിശോധിച്ച് തീർഥാടന ടൂറിസ്റ്റ് കേന്ദ്രമാക്കുന്നതിന് ദേവസ്വം മന്ത്രിയുമായി കൂടിയാലോചിക്കും. ടൂറിസം സ്‌പോട്ടുകളെ കൂട്ടിയോജിപ്പിച്ച് ലോകത്തെ അറിയിക്കുകയാണ് ലക്ഷ്യം. അത്തരം സാധ്യതകൾ ഗുരുവായൂരിലുണ്ട്. അവ ശരിയായി പ്രയോജനപ്പെടുത്തും.
കേരള ടൂറിസം ഡെവലപ്മെന്റ് കോർപറേഷന്റെ നേതൃത്വത്തിൽ കെ ടി ഡി സിയുടെ ഗുരുവായൂരിലെ 'ടാമറിന്റ്' ഹോട്ടലിലെ റസ്റ്റോറന്റ് തീർഥാടകരുടെ സൗകര്യാർഥം നവീകരിച്ചാണ് ആഹാർ ഒരുക്കിയത്. ശീതീകരിച്ചതും അല്ലാത്തതുമായ മുറികൾ, വിവാഹ ഹാൾ, പാർക്കിങ് സൗകര്യങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. എൻ കെ അക്ബർ എം എൽ എ, ഗുരുവായൂർ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ്, സി സുമേഷ്, കെ കെ വത്സരാജ്, ഡെപ്യൂട്ടി ഡയറക്ടർ കെ രാധാകൃഷ്ണപിള്ള, സെക്രട്ടറി ഡോ. കവിത, നഗരസഭാ സെക്രട്ടറി പി എസ് ഷിബു എന്നിവർ പങ്കെടുത്തു.