സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ കർശന നിയന്ത്രണങ്ങളോടെ നടത്തും.
തൃശൂർ: ജില്ലയിൽ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ കർശന നിയന്ത്രണങ്ങളോടെ നടത്തും. കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യം കണക്കിലെടുത്താണ് നിയന്ത്രണം. പൊതുജനങ്ങൾക്ക് പ്രവേശനമില്ല. പരേഡിൽ പങ്കെടുക്കാവുന്ന സൈനിക വിഭാഗങ്ങളെ പരമാവധി മൂന്നു മുതൽ അഞ്ചുവരെയാക്കി നിജപ്പെടുത്തി. 15ന് രാവിലെ ഒമ്പതിന് തുടങ്ങുന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ഔപചാരികമായി മാത്രം പരേഡ് നടത്തും. വേദിയിൽ ദേശീയ ഗാനം പാടുന്നതിനും മറ്റ് പ്രവൃത്തികൾക്കും വിദ്യാർഥികളെ പങ്കെടുപ്പിക്കില്ല. സ്റ്റുഡന്റ് പൊലീസ്, സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ്, എൻ സി സി ജൂനിയർ എന്നീ സൈനിക വിഭാഗങ്ങളുടെ പരേഡും ഈ വർഷം ഉണ്ടാകില്ല.
പ്രത്യേക ക്ഷണിതാക്കളുടെ പരമാവധി എണ്ണം 100 ആണ്. മാർച്ച് പാസ്റ്റ് ഇല്ലാതെ നാഷ്‌ണൽ സല്യൂട്ട് നാമമാത്രമായി സ്വീകരിക്കും. മുൻനിര കൊവിഡ് പോരാളികളായ മൂന്ന് ഡോക്ടർമാർ, രണ്ട് നേഴ്‌സുമാർ, രണ്ട് പാരാമെഡിക്കൽ ജീവനക്കാർ, മൂന്ന് സാനിറ്റേഷൻ ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
ആഘോഷങ്ങളിൽ പ്ലാസ്റ്റിക്കുകൊണ്ട് നിർമിച്ച കൊടികളും ഒഴിവാക്കും. ലഘു ഭക്ഷണങ്ങളും ചടങ്ങിൽ വിതരണം ചെയ്യില്ല. പരേഡ് നടക്കുന്ന മൈതാനത്തിന്റെ പ്രവേശന കവാടത്തിൽ തെർമൽ സ്‌കാനർ ഉറപ്പാക്കി പങ്കെടുക്കുന്നവരെ സ്‌കാനിങ്ങിന് വിധേയമാക്കും. ആവശ്യത്തിനുള്ള ഹാൻഡ് സാനിറ്റൈസറും മാസ്‌ക്കും വേദിയിൽ ഉറപ്പുവരുത്തണം.