ഉണ്ണിക്കണ്ണന്റെ കുസൃതികളുടെ ഓർമ്മയിൽ ഒരു ജന്മാഷ്ടമി കൂടി വന്നെത്തി.

ഗോകുല ബാലൻറെ കുസൃതികളുടെ ഓർമ്മയിൽ ഇന്ന് ജന്മാഷ്ടമി ആഘോഷം. ഭഗവാൻ ശ്രീകൃഷ്ണൻ അവതാരമെടുത്ത അഷ്ടമി രോഹിണി ദിനം ഏറെ വിശേഷമാണ്. ധർമ സംരക്ഷണത്തിനായി മഹാവിഷ്ണുവിൻറെ അവതാരമായ ശ്രീകൃഷ്ണൻ പിറവിയെടുത്ത ദിനം.

ശ്രീകൃഷ്ണന്റെ ജന്മദിനമായ ജന്മാഷ്ടമി നാടെങ്ങും ആഘോഷിക്കപ്പെടുന്ന ഉത്സവമാണ്. ഉണ്ണിക്കണ്ണന്റെ കുസൃതികളാണ് ജന്മാഷ്ടമി ദിനത്തിൽ സ്മരിക്കപ്പെടുന്നത്. നാടും നഗര വീഥികളും ഉണ്ണിക്കണ്ണൻമാരുടെയും കുഞ്ഞു രാധമാരുടെയും കുഞ്ഞു കുസൃതികളാൽ നിറയുന്ന ദിനം.

ഭൂമിയിലെ തിന്മകളെ ഇല്ലാതാക്കി നന്മയെ പുനസ്ഥാപിക്കാനാണ് മഹാവിഷ്ണു ശ്രീകൃഷ്ണ രൂപത്തിൽ അവതാരമെടുത്തത്. നിമിത്തമായത് സ്വന്തം മാതാവിനോട് കംസൻ ചെയ്ത ക്രൂരതകളാണ്. മഹാവിഷ്ണുവിൻറെ എട്ടാമത്തെ അവതാരമായി കൃഷ്ണൻ പിറവിയെടുത്തത് അഷ്ടമി ദിനത്തിലാണ്. കൃഷ്ണ ജന്മാഷ്ടമി, ജന്മാഷ്ടമി അല്ലെങ്കിൽ ഗോകുലാഷ്ടമി എന്നും ഈ ദിനം അറിയപ്പെടുന്നു.

പുരാണങ്ങളിലെ വിശ്വാസ പ്രകാരമാണ് ഈ ദിനം ആഘോഷിക്കുന്നത്. മഥുരയിൽ ദേവകി രാജ്ഞിയുടെയും വസുദേവ രാജാവിന്റെയും മകനായി ജനിച്ച കൃഷ്ണനെ അമ്മാവനായ കംസനെ ഭയന്ന് ജനിച്ചയുടനെ കൃഷ്ണന്റെ പിതാവ് വസുദേവൻ ഗോകുലത്തിലെത്തിക്കുകയായിരുന്നു. അവിടെ കൃഷ്ണനെ വളർത്തിയത് നന്ദ ഗോപരും യശോദയുമാണ്. അതിനാൽ ജന്മാഷ്ടമി, കൃഷ്ണന്റെ ജനനം മാത്രമല്ല, കംസനെതിരായ വിജയം കൂടി അടയാളപ്പെടുത്തുന്ന ദിനമാണ്.

പകർച്ചവ്യാധിയുടെ ആശങ്കയിൽ ഒത്തുചേരലുകൾ ഇല്ലാതെയാണ് ഇത്തവണ ജന്മാഷ്ടമി ആഘോഷം. സംഭവിച്ചതെല്ലാം നല്ലതിന്, സംഭവിച്ചുകൊണ്ടിരിക്കുന്നതും നല്ലതിന്, ഇനി സംഭവിക്കാനിരിക്കുന്നതും നല്ലതിന്...എല്ലായ്പ്പോഴും ശുഭാപ്തി വിശ്വാസമുള്ളവരായിരിക്കാൻ നിർദേശിക്കുന്ന ഈ വരികൾ മനുഷ്യരാശിയ്ക്ക് ഭഗവാൻറെ സംഭാവനയാണ്. ഈ പുണ്യ ദിനത്തിൽ ഭഗവാൻറെ അനുഗ്രഹം നിങ്ങളിൽ ചൊരിയട്ടെ.. ജന്മാഷ്ടമി ആശംസകൾ..

Related Posts