'മാലിന്യം സംസ്‌കരിക്കൂ, പണം നേടൂ 'സമ്പൂര്‍ണ ശുചിത്വം ലക്ഷ്യമിട്ട് കുന്നംകുളം നഗരസഭ.
കുന്നംകുളം: നഗരസഭ നല്‍കുന്ന ബയോ കമ്പോസ്റ്റര്‍ ബിന്‍ ഉപയോഗിച്ച് മാലിന്യം സംസ്‌കരിച്ച് വളമാക്കുന്നവരില്‍ നിന്നും വളം പണംകൊടുത്ത് തിരികെ വാങ്ങുമെന്ന് പ്രഖ്യാപിച്ച് കുന്നംകുളം നഗരസഭ. കിലോയ്ക്ക് 5 രൂപ നിരക്കിലാകും വളം തിരികെ വാങ്ങുന്നത്. നഗരസഭയുടെ സമ്പൂര്‍ണ ശുചിത്വ ക്യാമ്പയിനായ 'നല്ലവീട് നല്ലനഗരം' പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് 'മാലിന്യം സംസ്‌കരിക്കൂ, പണം നേടൂ' പദ്ധതി വിഭാവനം ചെയ്യുന്നത്. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ പദ്ധതി പ്രഖ്യാപനം നടത്തി. 'മാലിന്യം സംസ്‌കരിക്കൂ പണം നേടൂ' എന്ന മുദ്രാവാക്യം ആലേഖനം ചെയ്ത ലോഗോ പ്രകാശനം വിവിധ കൗണ്‍സിലര്‍മാര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.
2021 ആഗസ്റ്റ് 2 മുതല്‍ നവംബര്‍ 1 വരെ നീണ്ടുനില്‍ക്കുന്ന പരിപാടിയാണ് നല്ല വീട് നല്ല നഗരം രണ്ടാംഘട്ട സമ്പൂര്‍ണ ശുചിത്വ പരിപാടി. ആദ്യഘട്ടത്തില്‍ നഗരത്തിലെ മുഴുവന്‍ വീടുകളും സര്‍വേ നടത്തി നഗരസഭയുടെ മാലിന്യം സംസ്‌കരണ പദ്ധതിയില്‍ പങ്കാളികളാകാത്ത വീടുകള്‍ കണ്ടെത്തിയിരുന്നു. അത്തരം വീടുകളെ പദ്ധതിയുടെ ഭാഗമാക്കുന്നതാണ് രണ്ടാംഘട്ടം.
രണ്ടാംഘട്ട പ്രചരണപരിപാടിയുടെ ഭാഗമായി നഗരത്തിലെ എല്ലാ വാര്‍ഡുകളിലും ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കായി എക്കോ - ഗ്രീന്‍ - സാനിറ്റേഷന്‍ കമ്മറ്റികള്‍ രൂപീകരിക്കും. ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തില്‍ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും 'മുഴുവന്‍ വീടുകളേയും നല്ല വീടുകളും കുന്നംകുളം നഗരത്തെ നല്ല നഗരവുമാക്കും' എന്ന പ്രതിജ്ഞയും ശുചിത്വ ദീപം തെളിക്കലും നടത്തും. ആഗസ്റ്റ് 15 മുതല്‍ വീടുകളില്‍ ഉല്‍പാദിപ്പിച്ച ജൈവ വളം ഹരിത കര്‍മ്മ സേനാംഗങ്ങള്‍ നേരിട്ട് വാങ്ങുന്നതാണ്. 50 വീടുകളിലെ വീതം ആളുകളെ സംഘടിപ്പിച്ച് ശുചിത്വ അയല്‍ക്കൂട്ട ക്ലാസുകള്‍ സംഘടിപ്പിക്കും. ക്ലാസുകള്‍ നയിക്കുന്നതിനായുള്ള ആർ പി ട്രെയിനിങ് ആഗസ്റ്റ് 4ന് നഗരസഭയില്‍ നടത്തും.
മാലിന്യ സംസ്‌കരണ സന്ദേശം പകര്‍ന്നുകൊണ്ടുള്ള ഓണക്കാല ചിത്രരചനാ - പെയിന്റിംഗ് മത്സരങ്ങള്‍, മാലിന്യ സംസ്‌കരണ ഉപകരണങ്ങളുടെ പ്രദര്‍ശന വാഹന പര്യടനം മുതലായവയും ക്യാമ്പയിന്റെ ഭാഗമായി നടത്തും. ഒക്ടോബര്‍ 2 ന് പൊതു ഇടങ്ങളും പാതകളും ശുചീകരിക്കല്‍ സേവനവാരം, പൊതു ഇടങ്ങളും നിരത്തുകളും സൗന്ദര്യവത്കരിക്കല്‍ തുടങ്ങിയവയും സംഘടിപ്പിക്കും. ഇങ്ങനെ വിവിധ പരിപാടികളിലൂടെ കുന്നംകുളം നഗരത്തിലെ നൂറ് ശതമാനം വീടുകളെയും സ്ഥാപനങ്ങളെയും നഗരസഭയുടെ മാലിന്യ സംസ്‌കരണ പദ്ധതിയില്‍ അംഗമാക്കും.
നല്ല വീട് നല്ലനഗരം പദ്ധതിയിലൂടെ നഗരത്തിലെ മുഴുവന്‍ വീടുകളിലും ജൈവമാലിന്യ സംസ്‌കരണത്തിന് ഉറവിട മാലിന്യ സംസ്‌കരണ ഉപകരണങ്ങള്‍ വിതരണം ചെയ്യല്‍, അജൈവമാലിന്യ സംസ്‌കരണത്തിനായി മുഴുവന്‍ വീടുകളിലും ഹരിതകര്‍മ്മ സേനാംഗത്വം ഉറപ്പാക്കല്‍ എന്നിവയിലൂടെ സമ്പൂര്‍ണ ശുചിത്വ നഗരം എന്നത് കേരള പിറവി ദിനത്തില്‍ കൈവരിക്കലാണ് ലക്ഷ്യമെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ പ്രഖ്യാപിച്ചു.
നല്ലവീട് നല്ലനഗരം പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനവും പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്കുള്ള പരിശീലനവും നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീതാരവീന്ദ്രന്‍ നിര്‍വഹിച്ചു. വൈസ് ചെയര്‍പേര്‍സണ്‍ സൗമ്യ അനിലന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി എം സുരേഷ്, സോമശേഖരന്‍, പ്രിയ സജീഷ്, കെ എ ഷെബീര്‍, കൗണ്‍സിലര്‍മാരായ സുജീഷ്, ഗീത ശശി, മിഷ സെബാസ്റ്റ്യന്‍, റീജ സലില്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ എസ് ലക്ഷ്മണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി ടി.
കെ സുജിത് പദ്ധതി വിശദീകരണം നടത്തി. നഗരസഭ ജനകീയാസൂത്രണ ഉപാധ്യക്ഷന്‍ വി മനോജ് കുമാര്‍, ഐ ആര്‍ ടി സി പ്രതിനിധികളായ ശ്രേയസ് വത്സന്‍, പൂജ എന്നിവര്‍ പുതിയ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്കുള്ള ക്ലാസ്സുകള്‍ നയിച്ചു.