കോടതി നടപടികൾ വീഡിയോ കോൺഫറൻസിലൂടെ നടത്തുന്നതിനുള്ള ചട്ടങ്ങൾക്ക് അംഗീകാരം നൽകി സംസ്ഥാന സർക്കാർ.
തിരുവനന്തപുരം: നിലവിലുള്ള വീഡിയോ കോൺഫറൻസ് സംവിധാനങ്ങൾക്ക് ഔദ്യോഗിക സ്വഭാവം കൈവരുന്നതിനായി കോടതി നടപടികൾ വീഡിയോ കോൺഫറൻസിലൂടെ (ഇലക്ട്രോണിക് വീഡിയോ ലിങ്കേജ്) നടത്തുന്നതിനുള്ള ചട്ടങ്ങൾക്ക് സംസ്ഥാന സർക്കാർ അംഗീകാരം നൽകി. ജുഡീഷ്യൽ നടപടികളുടെ എല്ലാ ഘട്ടങ്ങളിലും വീഡിയോ ലിങ്കേജ് സൗകര്യങ്ങൾ ഉപയോഗിക്കാൻ ഇതിൽ വ്യവസ്ഥചെയ്യുന്നു. ഹൈക്കോടതി രജിസ്ട്രാർ ഇതുസംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ ചട്ടങ്ങൾ പ്രാബല്യത്തിലാകും.
കോടതിയിൽ വീഡിയോ ലിങ്കേജ് വഴി നടത്തുന്ന എല്ലാ നടപടികളും ജുഡീഷ്യൽ നടപടിക്രമങ്ങളായി കണക്കാക്കും. കക്ഷികൾക്കും സാക്ഷികൾക്കും മറ്റൊരു സംസ്ഥാനത്തോ രാജ്യത്തോനിന്ന് വീഡിയോ കോൺഫറൻസിൽ പങ്കെടുക്കാം. കോടതിയിലും കക്ഷിയെയോ സാക്ഷിയെയോ ഹാജരാക്കുന്ന വിദൂരസ്ഥലത്തും കംപ്യൂട്ടറോ ഇന്റർനെറ്റ് ബന്ധമുള്ള മറ്റ് ഉപകരണമോ വേണം. ചുമതലപ്പെടുത്തുന്ന കോ-ഓർഡിനേറ്റർമാർക്കാണ് സജ്ജീകരണങ്ങൾ ഒരുക്കേണ്ട കടമ. വിചാരണയുടെ ഓഡിയോ, വീഡിയോ രേഖകൾ കോടതി റെക്കോഡുചെയ്ത് സൂക്ഷിക്കും. മറ്റാരും നടപടികൾ റെക്കോഡ് ചെയ്യാൻ പാടില്ല. വിചാരണയ്ക്ക് വിധേയനായ വ്യക്തിക്ക് വീഡിയോ, ഓഡിയോ തകരാർമൂലം അർഹമായ പരിഗണന കിട്ടിയില്ലെന്ന പരാതിയുണ്ടെങ്കിൽ കോ-ഓർഡിനേറ്ററെ അറിയിക്കാം. വീണ്ടും വീഡിയോ കോൺഫറൻസ് നടത്താനോ വ്യക്തിയെ നേരിൽ കേൾക്കാനോ കോടതിക്ക് തീരുമാനിക്കാം. ചട്ടങ്ങളിലും വ്യവസ്ഥകളിലും ആവശ്യമായ ഭേഗഗതികൾ വരുത്താൻ ഹൈക്കോടതിക്ക് അധികാരമുണ്ടായിരിക്കും.
കീഴ്ക്കോടതികളിൽ ഹൈക്കോടതി നാമനിർദേശം ചെയ്തവരും ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസ് അംഗീകരിച്ച വ്യക്തിയും കോ-ഓർഡിനേറ്റർ ആയിരിക്കും. ജയിലിൽ സൂപ്രണ്ട്, ആശുപത്രിയിൽ മെഡിക്കൽ സൂപ്രണ്ട് തുടങ്ങിയവരായിരിക്കും കോ-ഓർഡിനേറ്റർ. വിദേശത്ത് വിദേശമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനും മറ്റൊരു സംസ്ഥാനത്ത് ബന്ധപ്പെട്ട ജില്ലാ ജഡ്ജി നാമനിർദേശം ചെയ്തയാളുമാണ് കോ-ഓർഡിനേറ്ററാകുക. ബന്ധപ്പെട്ട കോടതിയാണ് ചുമതലപ്പെടുത്തുക.
ഇലക്ട്രോണിക് വീഡിയോ ലിങ്കേജ് വഴി മൊഴിനൽകാനും തെളിവു സമർപ്പിക്കാനും സാക്ഷികളോ കക്ഷികളോ അപേക്ഷനൽകണം. സാക്ഷി ഹാജരാക്കുന്ന രേഖകൾ വിചാരണയ്ക്കുമുൻപ് സ്കാൻചെയ്ത് കോടതിക്ക് അയച്ചുകൊടുക്കണം. പ്രതികളെ വിചാരണചെയ്യാനുള്ള സ്ഥലവും സമയവും നിശ്ചയിക്കേണ്ടത് പ്രോസിക്യൂഷനാണ്.