കൊവിഡ് പ്രതിരോധം ഊര്‍ജ്ജിതമാക്കി മാടക്കത്തറ ഗ്രാമപഞ്ചായത്ത്.
മാടക്കത്തറ: കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി മാടക്കത്തറ ഗ്രാമപഞ്ചായത്ത്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്കിന്റെ
അടിസ്ഥാനത്തില്‍ പഞ്ചായത്ത് 'സി' കാറ്റഗറിയിലാണ്. രോഗം ബാധിച്ചവരും അവരുടെ കുടുംബാംഗങ്ങളും ക്വാറന്റൈനിലുള്ളവരും അനാവശ്യമായി പുറത്തിറങ്ങി നടന്നാല്‍ അവര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കും. കെട്ടിയടച്ച വഴികള്‍ ബലമായി തുറന്നിട്ടു പോകുന്നവരെയും ശിക്ഷാനടപടികള്‍ക്ക് വിധേയരാക്കും.
ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ വീടുകളില്‍ എത്തിച്ചു നല്‍കുന്നതിന് വാര്‍ഡുകളില്‍ ആർ ആർ ടി അംഗങ്ങളുടെ സേവനമാണ് പ്രയോജനപ്പെടുത്തുന്നത്. രോഗവ്യാപനം ഉയരുന്ന പശ്ചാത്തലത്തില്‍ പഞ്ചായത്തില്‍ പരിശോധനകളുടെ എണ്ണം കൂട്ടാനും തീരുമാനിച്ചിട്ടുണ്ട്. പ്രദേശവാസികള്‍ക്ക് വാക്‌സിന്‍ സൗകര്യവും പഞ്ചായത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊലീസിന്റെയും പഞ്ചായത്ത് അംഗങ്ങളുടെയും നേതൃത്വത്തില്‍ കടകളില്‍ ഉള്‍പ്പെടെ പരിശോധന നടത്തുന്നുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ കടകള്‍ക്ക് പ്രവര്‍ത്തനാനുമതിയുള്ളൂ.
പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര മോഹന്‍, വൈസ് പ്രസിഡണ്ട് സണ്ണി ചെന്നിക്കര, വാര്‍ഡ് മെമ്പര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയാണ് മഹാമാരിക്കെതിരെ പ്രതിരോധം ശക്തമാക്കുന്നത്.