ട്രാൻസ്‌ജെൻഡേഴ്‌സിനും വാടകയ്‌ക്ക് താമസിക്കുന്നവർക്കും റേഷൻ കാർഡ് നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ.
തിരുവനന്തപുരം: ട്രാൻസ്‌ജെൻഡേഴ്‌സിനും വാടകയ്‌ക്ക് താമസിക്കുന്നവർക്കും റേഷൻ കാർഡും സൗജന്യ കിറ്റും നൽകുമെന്ന് മന്ത്രി. കെട്ടിട ഉടമയുടെ സർട്ടിഫിക്കറ്റ് ഇല്ലെങ്കിലും വാടകയ്‌ക്ക് താമസിക്കുന്നവർക്ക് സ്വയം സാക്ഷ്യപത്രം നൽകിയാൽ റേഷൻ കാർഡ് അനുവദിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. തെരുവിൽ താമസിക്കുന്നവർക്കടക്കം റേഷൻകാർഡ് നൽകുകയെന്നതാണ് സർക്കാർ നയം. അഞ്ച് വർഷത്തിലേറെയായി അവശ്യസാധനങ്ങൾക്ക് കേരളത്തിൽ വില കൂടിയിട്ടില്ലെന്നും മന്ത്രി ധനാഭ്യർഥന ചർച്ചയ്‌ക്ക് മറുപടിയായി പറഞ്ഞു.
സർക്കാർ അഭ്യർഥന പ്രകാരം 1,30,371 റേഷൻ കാർഡാണ് തിരികെ ലഭിച്ചത്. 10,445 എണ്ണം എ എ വൈ കാർഡാണ്. തിരിച്ചേൽപ്പിച്ച കാർഡുകൾ അർഹരായ രോഗികൾക്ക് നൽകി തുടങ്ങി. മറ്റുള്ളവർക്ക് സെപ്‌തംബറിലും ഒക്‌ടോബറിലും നൽകും. ഇതുവരെ 10.16 കോടി കിറ്റ് നൽകി, 5000 കോടിരൂപ ചെലവഴിച്ചു.