നാദിർഷയുടെ 'ഈശോ'ക്കെതിരെ ആഞ്ഞടിച്ച് പി സി ജോർജ്.
കൊച്ചി: ക്രിസ്ത്യൻ സമൂഹത്തെ അപമാനിക്കണമെന്ന നിർബന്ധബുദ്ധിയോടെ ഇറങ്ങിത്തിരിച്ച കുറച്ച് സിനിമാക്കാർ ഇവിടെയുടെന്നും ഈശോ എന്ന പേരിൽ സിനിമ പുറത്തിറങ്ങിയാൽ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും പി സി ജോർജ്. ഈ പേരിൽ സിനിമ ഇറക്കാമെന്ന് സംവിധായകൻ നാദിർഷ വിചാരിക്കേണ്ടെന്നും പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പി സി ജോർജ് പറഞ്ഞു. മലയാള സിനിമയിലെ ഗുണ്ടാ കഥാപാത്രങ്ങളെ എടുത്തുനോക്കുക. മിക്ക ഗുണ്ടകളും ക്രിസ്ത്യാനികൾ ആയിരിക്കും, അവന്റെ കഴുത്തിൽ ഒരു കുരിശും കാണും. ഇത് ഇന്നും ഇന്നലെയും തുടങ്ങിയ കാര്യമല്ല. ഇത് സംബന്ധിച്ച പരാതികൾ കിട്ടികൊണ്ടിരിക്കുകയാണ്. ഞാൻ ഇപ്പോൾ സിനിമകൾ കാണാൻ തുടങ്ങിയിരിക്കുന്നു. കേരളത്തിൽ വലിയ സാംസ്കാരിക മൂല്യങ്ങൾക്ക് വില കൽപിച്ച സഭയാണ് ക്രൈസ്തവ സഭ. നമ്മുടെ സമൂഹത്തിനു വേണ്ടി ചെയ്യാൻ കഴിയുന്ന എല്ലാ നന്മകളും ചെയ്തു. ചോദിക്കാനും പറയാനും ആരുമില്ല എന്ന തോന്നലാണ് ഇത്തരക്കാർക്ക് വളം. ഇത് അനീതിയാണ്.
ക്രിസ്ത്യൻ സമൂഹത്തെ മാത്രമല്ല, അതിപ്പോൾ മുസ്ലിം സമൂഹത്തെയും ഹൈന്ദവ സമൂഹത്തെയും അപമാനിച്ചാലും താൻ വിടില്ലലെന്നും നാദിർഷയെ പോലൊരാൾ ഇങ്ങനെ ചെയ്തല്ലോ എന്ന് ഓർക്കുമ്പോൾ വിഷമം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ പേരിൽ സിനിമ ഇറക്കാമെന്ന് ആരും വിചാരിക്കേണ്ട. ഒരു തിയറ്ററിലും ഈ ചിത്രം പ്രദർശിപ്പിക്കുകയുമില്ല. കേരളം മുഴുവൻ ഞാൻ ഇറങ്ങും- പി സി ജോർജ്ജ് കൂട്ടിച്ചേർത്തു.
ജയസൂര്യയെ നായകനാക്കി നാദിർഷ ഒരുക്കുന്ന ചിത്രമാണ് ഇശോ. ചിത്രത്തിന്റെ പേരിനെതിരേയും ടാഗ്ലൈനെതിരേയും ചില ക്രിസ്തീയ സംഘടകൾ രംഗത്ത് വ്ന്നിരുന്നു. തുടർന്ന് ചിത്രത്തിന്റെ പേരിനൊപ്പമുള്ള നോട്ട് ഫ്രം ദ ബൈബിൾ എന്ന ടാഗ്ലൈൻ ഒഴിവാക്കിയിരുന്നു. എന്നാൽ ഇത് കഥാപാത്രങ്ങളുടെ മാത്രം പേരാണെന്നും സിനിമ ഇറങ്ങിയ ശേഷം മതവിശ്വാസം വ്രണപ്പെടുന്നുവെന്ന് തോന്നിയാൽ ഏത് ശിക്ഷയും ഏറ്റുവാങ്ങാൻ തയാറാണെന്നുമായിരുന്നു നാദിർഷയുടെ പ്രതികരണം.