മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം മിന്നൽ മുരളി നെറ്റ്ഫ്ലിക്സിലൂടെ ഒ ടി ടി റിലീസിനൊരുങ്ങുന്നു.

മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും.

കൊച്ചി: ‘ഗോദ’യ്ക്കു ശേഷം ടൊവീനോയെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ മിന്നൽ മുരളി നെറ്റ്ഫ്ലിക്സിലൂടെ ഒ ടി ടി റിലീസിനൊരുങ്ങുന്നു. ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ളയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന 'മിന്നല്‍ മുരളി' വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. സെപ്റ്റംബറിൽ നെറ്റ്ഫ്ലിക്സിലൂടെ ഒ ടി ടി റിലീസ് ആയി ചിത്രമെത്തുമെന്നും വമ്പൻ തുകയ്ക്കാണ് സിനിമയുടെ അവകാശം കമ്പനി സ്വന്തമാക്കിയതെന്നും ശ്രീധർ പിള്ള പറയുന്നു.

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറിൽ സോഫിയ പോൾ ആണ് നിര്‍മാണം. ജിഗർത്തണ്ട, ജോക്കർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്മാന്‍. ചിത്രത്തിലെ രണ്ട് വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്യുന്നത് ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ളാഡ് റിംബർഗാണ്. വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ വി എഫ് എക്‌സ് സൂപ്പർവൈസര്‍ ആൻഡ്രൂ ഡിക്രൂസ് ആണ്. മനു ജഗദ് ആണ് കലാസംവിധാനം.

Related Posts