പാചക വാതക വിലവർധന: മുസ്‌ലിം ലീഗ് പ്രതിഷേധ സമരം നടത്തി.
വാടാനപ്പള്ളി: പാചകവാതക വിലവർധനവിനെതിരെ മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി വാടാനപ്പള്ളി സെൻററിൽ പ്രതിഷേധ സമരം നടത്തി. ദിനംപ്രതി കുതിച്ചുയരുന്ന ഇന്ധന വിലയും പാചകവാതക വിലയും ജനങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കുകയാണ്. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് എ എം സനൗഫൽ ഉദ്ഘാടനം ചെയ്തു.
കൊവിഡ് പ്രതിസന്ധിയിൽ നിൽക്കുന്ന ജനങ്ങളുടെ നടുവൊടിക്കുന്നതാണ് പാചകവാതക വിലവർധനയെന്നും, ആരോടും ഒരു ഉത്തരവാദിത്തവും ഇല്ലാത്ത ഭരണസംവിധാനമാണ് രാജ്യത്തുള്ളത്. വിലവർധിപ്പിച്ചും സബ്സിഡി ഒഴിവാക്കിയും സ്വകാര്യ കമ്പനികൾക്ക് നുഴഞ്ഞുകയറാനുള്ള എളുപ്പ വഴിയാണ് സർക്കാർ സൃഷ്ടിച്ചിരിക്കുന്നത്. ജനങ്ങളെ കൊള്ളയടിച്ചു വരുമാനമുണ്ടാക്കുന്ന ലോകത്തെ ഏക സർക്കാരാണ് നരേന്ദ്രമോദി സർക്കാരെന്നും സനൗഫൽ പറഞ്ഞു.
മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ എം അബ്ദുള്ള അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ എ ഷജീർ, ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ട് പി കെ അഹമ്മദ്, പി എം ഖാലിദ്, പി എം ഷെരീഫ്, എ എ അഹമ്മദ്, അറക്കൽ അൻസാരി, വി എ നിസാർ, വി എം മുഹമ്മദ് സമാൻ, പി എസ് ഷറഫുദ്ദീൻ എന്നിവർ പങ്കെടുത്തു.