മുറ്റിച്ചൂരിനെ നിരീക്ഷിക്കാൻ അന്തിക്കാട് പോലീസിൻ്റെ ക്യാമറ കണ്ണുകൾ ഉയർന്നു.
മുറ്റിച്ചൂർ: മുറ്റിച്ചൂർ പാലവും പരിസരവും ഇനി 24 മണിക്കൂറും അന്തിക്കാട് പോലീസിൻ്റെ സി സി ടി വി ക്യാമറ കണ്ണിൽ. നാലു ലക്ഷത്തോളം രൂപ മുടക്കി മുറ്റിച്ചൂർ ജുമാ മസ്ജിദിൻ്റെ നേതൃത്വത്തിൽ യു എ ഇ, ഖത്തർ, കുവൈറ്റ്, വെൽഫയർ അസോസിയേഷനുകളുടെ സഹകരണത്തോടെയാണ് അന്തിക്കാട് ജനമൈത്രി പോലീസ് ആധുനീക രീതിയിലുള്ള പതിനൊന്ന് ക്യാമറകൾ സ്ഥാപിക്കുന്നത്. ഇതിൻ്റെ ആദ്യ കാൽവെയ്പെന്നോണം മുറ്റിച്ചൂർ പാലത്തിൻ്റെ കിഴക്ക് ഭാഗത്ത് വെള്ളിയാഴ്ച മൂന്ന് ക്യാമറകൾ സ്ഥാപിച്ചു. തുടർന്ന് മസ്ജിദ് പരിസരം, കോക്കാൻ മുക്ക്, നായരങ്ങാടി, തുടങ്ങി വിവിധ കേന്ദ്രങ്ങളിലാണ് ക്യാമറകൾ സ്ഥാപിക്കുക. പോലീസിൻ്റെ ആവശ്യങ്ങൾക്കായി രൂപകൽപന ചെയ്ത പ്രൊജക്ട് ക്യാമറകളാണ് സ്ഥാപിച്ചത്.
പോലീസിന് പുറമെ ജനമൈത്രി ഫൗണ്ടേഷൻ, കേരള വിഷൻ, എന്നിവർ ചേർന്ന സംവിധാനത്തിലൂടെയാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. കുറ്റകൃത്യങ്ങൾ അധികരിച്ചു വരുന്ന പശ്ചാത്തലത്തിൽ മുറ്റിച്ചൂർ പ്രദേശങ്ങളെ മുഴുവൻ ക്യാമറ കണ്ണുകളിലാക്കുക വഴി അടിയന്തിര ഇടപെടൽ സാധ്യമാക്കുകയും തെളിവുകൾ സഹിതം കുറ്റവാളികളെ പിടികൂടുകയുമാണ് ലക്ഷ്യം.
അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജ്യോതിരാമൻ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം നിർവഹിച്ചു. മുറ്റിച്ചൂരിലെ ഓരോ കുടുംബങ്ങളും നാട്ടുകാരും ഈ നല്ലകാര്യത്തിനു വേണ്ടി സഹകരിക്കണമെന്ന് ജ്യോതി രാമൻ പറഞ്ഞു. മഹല്ല് പ്രസിഡണ്ട് എ കെ സഗീർ ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ മഹല്ല് സെക്രട്ടറി പി യു ഷിയാസ് സ്വാഗതം പറഞ്ഞു. ഇതുപോലുള്ള ഏതൊരു നല്ല കാര്യത്തിനും അന്തിക്കാട് ഗ്രാമപഞ്ചായത്തിന്റെയും അന്തിക്കാട് പോലീസ് സ്റ്റേഷന്റെയും കൂടെ മുൻപന്തിയിൽ നിന്ന് പ്രവർത്തിക്കുമെന്ന് ഷിയാസ് പറഞ്ഞു.
നാടിന്റെ സുരക്ഷയ്ക്കും നാട്ടുകാരുടെ സുരക്ഷയ്ക്കും ഇതുപോലുള്ള ക്യാമറകൾ നാടിന് ആവശ്യമാണെന്ന് ഇവിടെ നടക്കുന്ന എല്ലാ കാര്യങ്ങളും അപ്പോൾ തന്നെ അന്തിക്കാട് സ്റ്റേഷനിലേക്ക് എത്തുന്നത് കൊണ്ട് ഒരു പരിധിവരെ കുറ്റകൃത്യങ്ങൾക്ക് തടയിടാൻ കഴിയുമെന്ന് അന്തിക്കാട് സി ഐ പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ നടന്ന ക്യാമറകൾ സ്ഥാപിക്കുന്ന ചടങ്ങിൽ അന്തിക്കാട് സി ഐ, അന്തിക്കാട് മുൻ പഞ്ചായത്ത് പ്രസിഡണ്ട് എ വി ശ്രീവത്സൻ, മഹല്ല് ഭാരവാഹികളായ ബി യു ബഷീർ ഹാജി, പി കെ മാമദ് കുഞ്ഞുമോൻ ഹാജി, സിറാജ് മജീദ് മുഹമ്മദ് അഷ്റഫ്, മഹല്ല് ഖത്തീബ് സി പി എ സിദ്ധീഖ് ബാഖവി, യു എ ഇ വെൽഫെയർ കമ്മറ്റി ഭാരവാഹികൾ, കുവൈത്ത് വെൽഫെയർ കമ്മറ്റി ഭാരവാഹികൾ, വാർഡ് മെമ്പർമാരായ പി കെ ഷബീർ, ശാന്ത സോളമൻ, ജനമൈത്രി ഫൗണ്ടേഷൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഫൗണ്ടേഷൻ സെക്രട്ടറി മുരളി നന്ദി രേഖപ്പെടുത്തി.