മുല്ലശ്ശേരിയില്‍ പച്ചക്കറിത്തോട്ടം ഒരുങ്ങുന്നു.

മുല്ലശ്ശേരി: മുല്ലശ്ശേരി പഞ്ചായത്തില്‍ ഹരിത സമൃദ്ധി 'പഞ്ചായത്തിനൊരു പച്ചക്കറിത്തോട്ടം' ഒരുങ്ങുന്നു. ജൈവ പച്ചക്കറി ഉല്‍പാദനം ലക്ഷ്യമാക്കിയാണ് പഞ്ചായത്ത് പച്ചക്കറിത്തോട്ടം ആരംഭിക്കുന്നത്. പഞ്ചായത്ത് വളപ്പിലെ 5 സെന്റിലധികമുള്ള തരിശ് ഭൂമിയിലാണ് കൃഷി തുടങ്ങിയത്. തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെയാണ് തരിശ് ഭൂമിയില്‍ നിലമൊരുക്കി കൃഷിയോഗ്യമാക്കിയത്. പയറ്, അമര, വെണ്ട, തക്കാളി, മുളക് തുടങ്ങി വിവിധയിനം പച്ചക്കറി തൈകളാണ് കൃഷി ചെയ്യുന്നത്. ജൈവകൃഷിക്കൊപ്പം പൂച്ചെടികളും നടുന്നുണ്ട്. ജൈവകൃഷിയുടെ പരിപാലനം പഞ്ചായത്ത് സ്റ്റാഫ് അംഗങ്ങളും മറ്റ് പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുമാണ് നിര്‍വഹിക്കുക.
പച്ചക്കറി തൈകളുടെ നടീല്‍ ഉദ്ഘാടനം മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജന്‍ നിര്‍വഹിച്ചു. മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജശ്രീ ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് മെമ്പര്‍മാരായ കെ പി അലി, മിനി മോഹന്‍ദാസ്, മോഹനന്‍ വാഴപ്പിള്ളി, കൃഷി ഓഫീസര്‍ റിസമോള്‍ സൈമണ്‍, മുല്ലശ്ശേരി പഞ്ചായത്ത് സെക്രട്ടറി വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.