'നെപ്പോളിയന്‍' കോടതിയില്‍ ഹാജരാക്കും; മൊബൈല്‍ ഫോണുകളും വെബ്ക്യാമും ഫൊറന്‍സിക് പരിശോധനയ്ക്ക്.

കണ്ണൂർ: മോട്ടോർവാഹന വകുപ്പ് പിടിച്ചെടുത്ത് പോലീസിന് കൈമാറിയ യൂട്യൂബർമാരുടെ വാൻ 'നെപ്പോളിയൻ' കോടതിയിൽ ഹാജരാക്കാൻ ടൗൺ പോലീസ് തീരുമാനിച്ചു.
വാഹനത്തിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തിയെന്നും അത് നിയമപരമായിരുന്നോ എന്നും പരിശോധിക്കാൻ മോട്ടോർ വാഹനവകുപ്പിന് അപേക്ഷ നൽകുമെന്നും പോലീസ് അറിയിച്ചു. സിറ്റി പോലീസ് കമ്മിഷണർ ആർ ഇളങ്കോയുടെ മേൽനോട്ടത്തിലാണ് അന്വേഷണം.
പ്രതികളിൽനിന്ന് പിടിച്ചെടുത്ത വിലകൂടിയ നാല് ഫോണുകളും ഒരു വെബ്ക്യാമും ഫൊറൻസിക് പരിശോധനയ്ക്ക് അയക്കും. ആരാധകരോട് ആർ ടി ഒ ഓഫീസിലെത്താൻ ആഹ്വാനം ചെയ്യാൻ ഈ ഫോൺ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു.
സുൽത്താൻബത്തേരിയിലെ ഒരാളുടെ ഉടമസ്ഥതയിലായിരുന്ന ടെമ്പോ ട്രാവലർ വൻതുക ചെലവിട്ട് എറണാകുളത്ത് കൊണ്ടുപോയാണ് രൂപമാറ്റം വരുത്തിയത്. കാരവാനാക്കാമെന്ന ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കിയാണ് കഴിഞ്ഞ കൊല്ലം നവംബർ 18 ന് ബത്തേരി ആർ ടി ഒ ഓഫീസിൽ രജിസ്റ്റർ ചെയ്തത്. പിന്നീട് ഇത് എബിന്റെ പേരിലാക്കി ഇരിട്ടി ആർ ടി ഒ ഓഫീസിൽ ഈ വർഷം മാർച്ച് രണ്ടിന് രജിസ്റ്റർ ചെയ്യുകയായിരുന്നു. കോടതി നടപടി പൂർത്തിയായി വാഹനം തിരികെക്കിട്ടാൻ സമയം പിടിച്ചേക്കും.
രണ്ടുമാസത്തേക്കോ കുറ്റപത്രം സമർപ്പിക്കുന്നതുവരെയോ എല്ലാ ബുധനാഴ്ചയും ടൗൺ സ്റ്റേഷനിൽ ഹാജരാകണമെന്ന ജാമ്യവ്യവസ്ഥപ്രകാരം എബിനും ലിബിനും ബുധനാഴ്ച ടൗൺ സ്റ്റേഷനിൽ ഹാജരായി. ഇവരെ ചോദ്യംചെയ്യാൻ വീണ്ടും വിളിപ്പിച്ചേക്കും. ജാമ്യം അനുവദിച്ച സാഹചര്യത്തിൽ ഇവരെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന പോലീസിന്റെ ആവശ്യം കണ്ണൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു.