ടി സി എസ് 600 കോടി രൂപയുടെ നിക്ഷേപം നടത്തും; വ്യവസായ മന്ത്രി പി രാജീവ്
ലോകോത്തര ഐ.ടി കമ്പനികളിലൊന്നായ ടാറ്റ കൺസൾട്ടൻസി സർവ്വീസസ് 600 കോടി രൂപയുടെ നിക്ഷേപം കേരളത്തിൽ നടത്താൻ ധാരണയായതായി വ്യവസായ മന്ത്രി പി രാജീവ് നിയമസഭയെ അറിയിച്ചു. കാക്കനാട് കിൻഫ്ര ഇലക്ട്രോണിക് ആന്റ് മാനുഫാക്ചറിംഗ് ക്ളസ്റ്ററിലാണ് പുതിയ നിക്ഷേപ പദ്ധതി. ധാരണാപത്രം ഉടനെ ഒപ്പുവക്കും. ഐ ടി, ഐ ടി ഇ എസ്, ഡാറ്റ പ്രോസസിംഗ് കാമ്പസാണ് ടി സി എസിന്റെ പദ്ധതി.
750 കോടി രൂപയുടെ രണ്ടാംഘട്ട വികസനവും കൂടി പൂർത്തിയാകുമ്പോൾ 1350 കോടി രൂപയുടെ പദ്ധതിയായി ഇത് മാറും. അഞ്ചു മുതൽ ഏഴുവരെ വർഷത്തിനുള്ളിൽ 20000 പേർക്ക് തൊഴിൽ ലഭിക്കുന്ന പദ്ധതിയാണിത്. വി ഗാർഡിന്റെ ഇലക്ട്രോണിക് ലാബ്, ടെസ്റ്റിംഗ് ലാബ്, റിലയബിലിറ്റി ലാബ് പദ്ധതിക്കായി കിൻഫ്ര ഇ എം സി ലാബിൽ ഭൂമി അനുവദിച്ചു. 120 കോടി രൂപയുടെ നിക്ഷേപത്തിലൂടെ 800 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുക.
ലുലു ഗ്രൂപ്പ് തിരുവനന്തപുരം കിൻഫ്ര അപ്പാരൽ പാർക്കിൽ ഇലക്ട്രോണിക് വെയർഹൗസ് യൂണിറ്റ് സ്ഥാപിക്കും. 700 ലക്ഷം രൂപ മുതൽ മുടക്കുള്ള പദ്ധതി പൂർത്തിയാകുമ്പോൾ 850 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ഫെയർ എക്സ്പോർട്ട്സ് എറണാകുളം ഹൈടെക് പാർക്കിൽ ഫുഡ് പ്രോസസിംഗ് യൂണിറ്റ് ആരംഭിക്കും. 200 കോടി രൂപയുടെ പദ്ധതിയാണിതെന്നും വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.