ജില്ലയിലെ മലയോര പട്ടയം വിതരണം സർക്കാരിന്റെ പ്രധാന ലക്ഷ്യമാണെന്നും ആഗസ്റ്റ് മാസത്തിൽ തന്നെ ജോയിന്റ് വെരിഫിക്കേഷൻ റിപ്പോർട്ടിനായി കേന്ദ്രത്തെ സമീപിക്കുമെന്നും മന്ത്രി.
പട്ടയ വിതരണത്തിനായി സ്‌പെഷൽ ഓഫീസറെ നിയമിക്കുമെന്ന് മന്ത്രി കെ രാജൻ.
തൃശൂർ: പട്ടയ വിതരണത്തിലെ കാലതാമസം ഒഴിവാക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമായി പ്രത്യേക സെൽ രൂപീകരിച്ച് സ്‌പെഷൽ ഓഫീസറെ നിയമിക്കുമെന്ന് മന്ത്രി കെ രാജൻ. വിഷൻ ആൻഡ് മിഷൻ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ എം എൽ എമാരുമായുള്ള യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ മലയോര പട്ടയം വിതരണം സർക്കാരിന്റെ പ്രധാന ലക്ഷ്യമാണെന്നും ആഗസ്റ്റ് മാസത്തിൽ തന്നെ ജോയിന്റ് വെരിഫിക്കേഷൻ റിപ്പോർട്ടിനായി കേന്ദ്രത്തെ സമീപിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രകൃതിക്ഷോഭ ദുരന്തങ്ങളിൽ ദുരിതാശ്വാസം ലഭ്യമാക്കുന്നതിനായി തയ്യാറാക്കിയിട്ടുള്ള റിലീഫ് മൊബൈൽ അപ്ലിക്കേഷൻ കാര്യക്ഷമമാക്കി ജനങ്ങൾക്കായി തുറന്നു കൊടുക്കും. പ്രകൃതി ദുരന്തങ്ങളിൽ വീടുകൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി ചിത്രമെടുത്ത് ആപ്പിൽ അപ്ലോഡ് ചെയ്താൽ വില്ലേജ് ഓഫീസർ നേരിട്ട് വന്ന് പരിശോധിക്കുകയും അതിന്റെ തുടർ നടപടികൾ അറിയുന്നതിനായി ആപ്പിൽ തന്നെ സൗകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
എം എൽ എമാർ സമർപ്പിക്കുന്ന പരാതികൾ പരിഹരിക്കുന്നതിനായി ലാൻഡ് റവന്യു കമ്മീഷണറേറ്റിൽ പ്രത്യേക സെൽ രൂപീകരിച്ചതായി മന്ത്രി അറിയിച്ചു.
മന്ത്രിമാരായ കെ രാധാകൃഷ്ണൻ, ഡോ. ആർ ബിന്ദു , മുൻ മന്ത്രി എ സി മൊയ്തീൻ. എം എൽ എമാരായ പി ബാലചന്ദ്രൻ, കെ കെ രാമചന്ദ്രൻ, എൻ കെ അക്ബർ, വി ആർ സുനിൽ കുമാർ, സി സി മുകുന്ദൻ, ഇ ടി ടൈസൺ മാസ്റ്റർ, സനീഷ്‌കുമാർ ജോസഫ്, സേവ്യർ ചിറ്റിലപ്പിള്ളി, മുരളി പെരുന്നെല്ലി, അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് , ലാൻഡ് റവന്യു കമ്മീഷണർ കെ ബിജു, ജില്ലാ കളക്ടർ ഹരിത വി കുമാർ, സർവേ ഡയറക്ടർ, ഹൗസിംഗ് കമ്മീഷണർ, തൃശൂർ എ ഡി എം എന്നിവർ പങ്കെടുത്തു.