തിരുവോണത്തിന്റെ ആർപ്പൂവിളികളുയർത്തികൊണ്ട് ഉത്രാടം പടികടന്നെത്തി.
മഹാബലിയെ വരവേൽക്കാൻ അവസാന ഘട്ട ഒരുക്കത്തിലാണ് മലയാളികൾ. പൂവിളിയുടെ ആരവങ്ങളും മലയാളത്തനിമ നിറയുന്ന ഓണകാഴ്ചകളും തിരുവോണ ദിനത്തിലേക്കുള്ള ആഘോഷങ്ങളുടെ മുന്നൊരുക്കങ്ങളുമായി വീണ്ടുമൊരു ഉത്രാടം പടികടന്നെത്തി. ഉത്രാട ദിവസമാണ് മലയാളികളുടെ ഒന്നാം ഓണം. ഉത്രാട ദിനം ഇരുട്ടി വെളുക്കുന്നത് പൊന്നിന്‍ ചിങ്ങത്തിലെ തിരുവോണ നാളിലേക്കാണ്. തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിലാണ് ഇന്ന് മലയാളി.
ഉത്രാട നാളിലാണ് തൃക്കാക്കരയപ്പനെ വീട്ടുമുറ്റത്ത് കുടിവെക്കുക. കളിമണ്ണ് കൊണ്ടാണ് തൃക്കാക്കരയപ്പനെ ഉണ്ടാക്കുന്നത്. ഉത്രാടദിവസം നാക്കിലയില്‍ മുറ്റത്ത് അഞ്ച് തൃക്കാക്കരയപ്പന്‍മാരെ വെക്കുന്നു. ഒത്ത നടുവിലായി വലിയ രൂപവും ഇരുഭാഗത്തും രണ്ട് ചെറുതു വീതവുമാണ് ഉണ്ടാക്കി വെക്കുക. അതില്‍ അരിമാവ് കൊണ്ട് കൃഷ്ണ കിരീടവും ചെമ്പരത്തി, ചെണ്ടുമല്ലി, തുമ്പ എന്നിവ കൊണ്ട് അലങ്കാരങ്ങളും നടത്തും. ചെമ്പരത്തി ഈര്‍ക്കിലില്‍ കുത്തി വെക്കും.
നാടും നഗരവുമെല്ലാം ഇപ്പോള്‍ ഓണത്തിരക്കിലാണ്. എന്തൊക്കെ കരുതിയാലും ഉത്രാട പാച്ചിലിനിറങ്ങാതെ മലയാളികൾക്ക് തിരുവോണത്തിനുള്ള തയ്യാറെടുപ്പ് പൂര്‍ത്തിയാകില്ല. കൊവിഡ് കരുതലും കൂടിയായതോടെ പതിവുള്ള ഉത്രാടപാച്ചിൽ കുറവാണ്. കൊവിഡ് കരുതലോടെയാണ് ഇത്തവയും ഓണാഘോഷം. പുറത്തുള്ള ആഘോഷപരിപാടികൾ ഇല്ല. പകരം അകലം പാലിച്ച് വീടുകളിലിരുന്നാണ് ആഘോഷം. വെള്ളിയാഴ്‌ച ഉത്രാടം കടന്നാൽ തിരുവോണത്തിന്റെ ആർപ്പൂവിളികളുയരും.
ഓരോ മലയാളിയും ഇന്ന് ഉറങ്ങി എഴുന്നേല്‍ക്കുന്നത് മാവേലി മന്നനെ എതിരേല്‍ക്കുന്ന തിരുവോണ നാളിലേക്കാണ്. അകലങ്ങളിൽ ആണെങ്കിലും മനസുകൊണ്ട് ആഘോഷിക്കാം ഈ ഓണം കരുതലോടെ.