വലപ്പാട് ജനകീയ ഹോട്ടല്‍ അടിമുടി മാറും.
വലപ്പാട്: പ്രവര്‍ത്തനരീതിയില്‍ ഉള്‍പ്പെടെ അടിമുടി മാറ്റത്തിനൊരുങ്ങി വലപ്പാട് ഗ്രാമപഞ്ചായത്തിലെ ജനകീയ ഹോട്ടല്‍. പ്രത്യേക പരിശീലനം ലഭിച്ച കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിലാണ് ജനകീയ ഹോട്ടലിന് പുതിയ മുഖം വരുന്നത്. ഒരു ബിസിനസ് സംരംഭമെന്ന നിലയില്‍ ജനകീയ
ഹോട്ടലുകളെ എപ്രകാരം മാറ്റിയെടുക്കാം എന്നതാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
അഭേദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റിന്റെ നേതൃത്വത്തിലാണ് കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള പ്രത്യേക പരിശീലനം നല്‍കിയത്. മൂന്ന് ദിവസം നീണ്ടു നിന്ന പരിശീലന ക്ലാസില്‍ പാചക കൂട്ടുകള്‍, പാചകരീതികള്‍, ഭക്ഷണം വിളമ്പുന്ന രീതി, ഭക്ഷണം പൊതിയുന്നത് എങ്ങനെ തുടങ്ങി അടിസ്ഥാന വിവരങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. ഒരു ബിസിനസ് സംരംഭമായി എങ്ങനെ പ്രവര്‍ത്തിക്കാം എന്നത് സംബന്ധിച്ചും അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി. വലപ്പാട് ഗ്രാമപഞ്ചായത്തിന് കീഴില്‍
ചന്തപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ ഹോട്ടല്‍ ആറ് കുടുംബശ്രീ അംഗങ്ങള്‍ ചേര്‍ന്നാണ് നടത്തുന്നത്.
വലപ്പാട് ഗ്രാമപഞ്ചായത്തിലെ ഡി സി സിയിലേയ്ക്കും നാട്ടിക സി എഫ് എൽ ടി സി യിലേയ്ക്കും ഭക്ഷണം വിതരണം ചെയ്യുന്നതും വലപ്പാട് ജനകീയ ഹോട്ടലില്‍ നിന്നാണ്. കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള ഈ പ്രത്യേക പരിശീലനം ഏറെ ഗുണകരമാണെന്ന് തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മല്ലിക ദേവന്‍ പറഞ്ഞു.