ഉദ്ഘാടനത്തിനൊരുങ്ങി മാട്ടുമല എസ് സി കോളനി റോഡ്.

കൊടകര: സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റിങ് പൂർത്തിയാക്കി ഉദ്ഘാടനത്തിന് ഒരുങ്ങി മാട്ടുമല എസ് സി കോളനി റോഡ്. കൊടകര ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പുതുക്കാട് ഗ്രാമ പഞ്ചായത്തിലെ ഏഴാം വാർഡിലാണ് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ റോഡ് പുനർനിർമാണം പൂർത്തിയായിരിക്കുന്നത്.

കൊടകര ബ്ലോക്ക് പഞ്ചായത്ത്‌ 2021-22 സാമ്പത്തിക വർഷത്തെ പ്രവൃത്തിയിൽ ഉൾപ്പെടുത്തിയാണ് മാട്ടുമല  എസ് സി കോളനിക്ക് അകത്തുള്ള റോഡ് നവീകരിച്ചത്. പദ്ധതിക്കായി ബ്ലോക്ക് പഞ്ചായത്ത്‌ വികസന ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ വകയിരുത്തിയിരുന്നു. പട്ടികജാതി വിഭാഗക്കാർ ഉൾപ്പെടെ 20 ഓളം കുടുംബങ്ങളാണ് ഈ നാല് സെന്റ് കോളനി നിവാസികൾ.

മഴക്കാലമായാൽ വെള്ളവും ചളിയും അടിഞ്ഞു കൂടി ഈ വഴിയുള്ള കാൽ നടയാത്ര പോലും ദുസ്സഹമാണ്. രോഗബാധിതരെ ആശുപത്രിയിൽ എത്തിക്കുന്നതിന് പലപ്പോഴും വാഹനങ്ങൾ ലഭ്യമല്ലാത്തതും പ്രദേശവാസികളെ ദുരിതത്തിലാക്കിയിരുന്നു.

വർഷങ്ങൾക്ക് മുമ്പ് 5 സെന്റീമീറ്റർ കനത്തിൽ കോൺക്രീറ്റിങ് പൂർത്തിയാക്കിയ റോഡ് നശിച്ച് ചളിയും മണ്ണും അടിഞ്ഞ് യാത്രയ്ക്ക് യോഗ്യമല്ലാതായി തീർന്നിരുന്നു.

സെപ്റ്റംബർ 19 വരെ നടപ്പിലാക്കുന്ന സർക്കാരിന്റെ നൂറ് ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 45 സെന്റീമീറ്റർ കനത്തിൽ കോൺക്രീറ്റിങ് പൂർത്തിയാക്കുന്നത്. കോളനിക്കുള്ളിൽ തട്ടുകളായി കിടക്കുന്ന റോഡ് മൂന്ന് മീറ്റർ വീതിയിലും 135 സെന്റീമീറ്റർ നീളത്തിലുമാണ് നിർമിക്കുന്നത്. ഇതോടെ 1.5 കിലോമീറ്റർ ദൂരെയുള്ള മുപ്ലിയം സെന്ററിലേക്കുള്ള യാത്രയും എളുപ്പമായി. 135 മീറ്ററിൽ 15 മീറ്റർ കോൺക്രീറ്റിങ് കൂടി പൂർത്തിയാകുന്നതോടെ മാട്ടുമല എസ് സി റോഡ് കോളനി നിവാസികൾക്കായി സമർപ്പിക്കും.

Related Posts