വിദ്യാർത്ഥിനികൾക്ക് പ്രസവാവധിയും ആർത്തവ അവധിയും അനുവദിച്ച് കേരള സർവകലാശാല

തിരുവനന്തപുരം: കേരള സർവകലാശാലയിലെ വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധിയും പ്രസവാവധിയും അനുവദിച്ച് ഉള്ള ഉത്തരവിറങ്ങി. ആർത്തവ അവധി പരിഗണിച്ച് ഓരോ സെമസ്റ്ററിനും 75 ശതമാനം ഹാജർ വേണമെന്ന നിബന്ധന 73 ശതമാനമായി കുറച്ച സർക്കാർ ഉത്തരവ് നടപ്പാക്കാനും സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. ആറ് മാസം വരെ പ്രസവാവധി എടുത്ത് അതിനുശേഷം വീണ്ടും അഡ്മിഷൻ എടുക്കാതെ കോളേജിൽ പഠനം തുടരാമെന്നും ഉത്തരവിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട മെഡിക്കൽ രേഖകൾ പരിശോധിച്ച ശേഷം പ്രിൻസിപ്പൽമാർക്ക് തന്നെ വിദ്യാർത്ഥിക്ക് തുടർപഠനത്തിന് അനുമതി നൽകാം. ഇതിന് സർവകലാശാലയുടെ പ്രത്യേക അനുമതി ആവശ്യമില്ലെന്നും ഉത്തരവിൽ പറയുന്നു. കേരള സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകൾക്കും ഉത്തരവ് ബാധകമായിരിക്കും.  അതേസമയം ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർവകലാശാലകളിലും ഇത് നടപ്പാക്കാനാണ് സർക്കാർ തീരുമാനം. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർവകലാശാലകളിലെയും വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി അനുവദിച്ച് ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു അറിയിച്ചിരുന്നു. 18 വയസ്സിനു മുകളിലുള്ള വിദ്യാർത്ഥിനികൾക്ക് പരമാവധി 60 ദിവസം വരെ പ്രസവാവധി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. ഈ തീരുമാനം എല്ലാ വിദ്യാർത്ഥിനികൾക്കും ആശ്വാസമാകും എന്നതിനാലാണെന്നും മന്ത്രി അറിയിച്ചിരുന്നു.

Related Posts