കേരള സർവകലാശാല വിസി താൽക്കാലിക ചുമതല; ഗവർണർക്ക് മന്ത്രി ആർ ബിന്ദുവിന്റെ കത്ത്
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു കേരള സർവകലാശാല വൈസ് ചാൻസലർ നിയമനം സംബന്ധിച്ച് ഗവർണർക്ക് കത്ത് എഴുതി. ഈ മാസം 24ന് കാലാവധി അവസാനിക്കുന്ന കേരള സർവകലാശാല വിസിയുടെ താൽക്കാലിക ചുമതല മഹാത്മാ ഗാന്ധി സർവകലാശാലയുടെയോ കാലടി സംസ്കൃത സർവകലാശാലയുടെയോ വൈസ് ചാൻസലർക്ക് കൈമാറണമെന്നാവശ്യപ്പെട്ടാണ് കത്ത്. വൈസ് ചാൻസലർ നിയമനത്തിന് മുന്നോടിയായി കേരള, കാലിക്കറ്റ്, കണ്ണൂർ, എംജി, കുസാറ്റ് സർവകലാശാലകളിൽ 10 വർഷം പൂർത്തിയാക്കിയ പ്രൊഫസർമാരുടെ പട്ടിക രാജ്ഭവൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മന്ത്രിയുടെ കത്ത്. വിസി യുടെ നിയമനത്തിനുള്ള സെനറ്റിന്‍റെ പ്രതിനിധിയെ സെർച്ച് കമ്മിറ്റിയിലേക്ക് നിയമിക്കാത്തതിനാൽ ഗവർണർ കമ്മിറ്റിയുടെ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടിയിരുന്നു. വിസി നിയമന നടപടികൾ വൈകുന്ന സാഹചര്യം കണക്കിലെടുത്താണ് താൽക്കാലിക നിയമനത്തിന് ഗവർണർ തയ്യാറെടുക്കുന്നത്. കാർഷിക സർവകലാശാല ഒഴികെയുള്ള എല്ലാ സർവകലാശാലകളിലും വിസിയുടെ താൽക്കാലിക ചുമതല നൽകാനുള്ള അധികാരം ഗവർണർക്കാണ്. സർക്കാരിന്റെ ശുപാർശ കാർഷിക സർവകലാശാലയിൽ ഗവർണർ അംഗീകരിക്കണം. എംജി സർവകലാശാലയിൽ ഗവർണർക്കെതിരെ വിദ്യാർത്ഥികൾ പോസ്റ്ററുകൾ പതിച്ച സംഭവത്തിൽ വിസി ഡോ. സാബു തോമസ് നടപടി സ്വീകരിക്കാത്തതിനാൽ ഗവർണർക്ക് വിസിയോട് താൽപര്യ കുറവുണ്ട്.