കേരള വിമൻസ് ലീഗ്: ഗോൾ മഴ തീർത്ത് ബ്ലാസ്‌റ്റേഴ്‌സും ഗോകുലവും
കൊച്ചി: 2022-23 കേരള വനിതാ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് വനിതാ ടീമിന് തകർപ്പൻ ജയം. ഏകപക്ഷീയമായ മത്സരത്തിൽ എമിറേറ്റ്സ് എഫ്സിയെ 10 ഗോളുകൾക്കാണ് വനിതാ ടീം പരാജയപ്പെടുത്തിയത്. മറ്റൊരു മത്സരത്തിൽ ഗോകുലം കേരള എഫ് സി ഏകപക്ഷീയമായ മത്സരത്തിൽ കേരള യുണൈറ്റഡ് എഫ്സിയെ 11 ഗോളുകൾക്ക് തോൽപ്പിച്ചു. എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വനിതാ ടീം എമിറേറ്റ്സിനെതിരെ തുടക്കം മുതൽ തന്നെ മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ മിനിറ്റിൽ തന്നെ മുസ്‌കാനിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡ് നേടി. 19-ാം മിനിറ്റിൽ സുനിത കേരള ബ്ലാസ്റ്റേഴ്സിന്‍റെ ലീഡ് ഇരട്ടിയാക്കി. പിന്നീട്, അപൂര്‍ണ്ണയുടെ പ്രകടനം കളിക്കളത്തിൽ കണ്ടു. ആദ്യ പകുതിയിൽ തന്നെ ഹാട്രിക്ക് നേടിയ താരം എമിറേറ്റ്സിനെ പ്രതിസന്ധിയിലാക്കി. 34, 40, 42 മിനിറ്റുകളിലായിരുന്നു ഗോളുകൾ. ആദ്യപകുതിയിൽ ബ്ലാസ്റ്റേഴ്സ് 5-0ന് മുന്നിലെത്തി. രണ്ടാം പകുതിയിലും വനിതാ ടീം ഗോൾ വേട്ട തുടർന്നു. ആദ്യ പകുതിയിലെന്നപോലെ രണ്ടാം പകുതിയിലും അഞ്ച് ഗോളുകൾ നേടി. കിരണും അശ്വതിയും രണ്ട് തവണ ഗോൾ നേടിയപ്പോൾ മാളവികയും സ്കോർഷീറ്റിൽ ഇടം നേടി.