കേരളത്തിലെ ഏറ്റവും വലിയ ദേശീയ പതാക: വില അരലക്ഷം രൂപ
തിരുവനന്തപുരം: രാജ്യം സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികം ആഘോഷിക്കുകയാണ്. പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തിയിട്ടുണ്ട്. ഹർ ഘർ തിരംഗ (എല്ലാ വീട്ടിലും പതാക) എന്ന പേരിലാണ് 75-ാം സ്വാതന്ത്ര ദിനത്തോട് അനുബന്ധിച്ച് രാജ്യമാകെ ദേശീയ പതാകകള്‍ ഉയരുന്നത്. സംസ്ഥാനത്ത് പല വലിപ്പത്തിലുള്ള പതാകകള്‍ പാറിപ്പറക്കുന്നുണ്ടെങ്കിലും ഏറ്റവും വലിയ ദേശീയ പതാക ഉയർന്നിരിക്കുന്നത് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാര വളപ്പിലാണ്.72 അടി നീളവും 48 അടി വീതിയുമുള്ള പതാകയാണ് 207 അടി നീളമുള്ള കൊടിമരത്തിൽ ഉയർന്ന് പാറുന്നത്. ഹർ ഘർ തിരംഗയുടെ ഭാഗമായാണ് കനകക്കുന്നിൽ വീണ്ടും ദേശീയ പതാക ഉയർന്നത്. നഗരത്തിലെ ഏകദേശം എല്ലാം ഭാഗത്തേയും ഉയർന്ന പ്രദേശങ്ങളില്‍ നിന്നും കാണാന്‍ കഴിയുന്ന തരത്തിലാണ് പതാക പാറിപ്പറക്കുന്നത്. 50,000 ത്തോളം രൂപയുടെ പതാകയാണ് ഇത്. സ്വാതന്ത്ര്യദിന വാർഷികാഘോഷത്തിനും ഓണം വാരാഘോഷത്തിനും മുന്നോടിയായി നവീകരണത്തിനായി പതാക അടുത്തിടെ അഴിച്ച് മാറ്റിയിരുന്നു.