മെഡിക്കല്‍ പി.ജി പ്രവേശനത്തില്‍ കേരളത്തിന്‍റെ ഹര്‍ജി തള്ളി
ന്യൂഡല്‍ഹി: പാലക്കാട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരെ മെഡിക്കല്‍ പി.ജി. പ്രവേശനത്തിന് സര്‍ക്കാര്‍ സര്‍വീസില്‍ ഉള്ളവരുടെ ക്വാട്ടയിലേക്ക് പരിഗണിക്കാനാകില്ലെന്ന കേരളത്തിന്‍റെ ഹർജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് കേരളത്തിന്‍റെ ഹർജി തള്ളിയത്. പാലക്കാട് മെഡിക്കൽ കോളേജിന്‍റെ ഭരണം നടത്തുന്ന സമിതിയുടെ ചെയർമാൻ മുഖ്യമന്ത്രിയാണെന്ന കാരണത്താലാണ് സർക്കാർ അപ്പീൽ സുപ്രീം കോടതി തള്ളിയത്. സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള പാലക്കാട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരെ മെഡിക്കല്‍ പി.ജി. പ്രവേശനത്തിനുള്ള സര്‍ക്കാര്‍ ക്വാട്ടയിലേക്ക് പരിഗണിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. പാലക്കാട് മെഡിക്കൽ കോളേജിലെ ജീവനക്കാരെ സർക്കാർ ജീവനക്കാരായി പരിഗണിക്കാനാവില്ലെന്ന് സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വി ഗിരി, സ്റ്റാൻഡിംഗ് കൗൺസൽ നിഷേ രാജൻ ഷോങ്കർ എന്നിവർ വാദിച്ചു. സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള ഒരു സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ളതാണ് പാലക്കാട് മെഡിക്കൽ കോളേജ്. ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും കോളേജിലേക്ക് റിക്രൂട്ട് ചെയ്യുന്നത് സോസൈറ്റിയാണ്. അതിനാൽ, അവരെ സർക്കാർ ജീവനക്കാരായി പരിഗണിക്കാൻ കഴിയില്ലെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.