കേശു ഈ വീടിൻ്റെ നാഥൻ, മോഷൻ പോസ്റ്റർ നാളെ പുറത്തിറങ്ങും
ദിലീപിനെയും ഉർവശിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നാദിർഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിൻ്റെ നാഥൻ എന്ന ചിത്രത്തിൻ്റെ മോഷൻ പോസ്റ്റർ നാളെ ഉച്ചയ്ക്ക് 12 മണിക്ക് റിലീസ് ചെയ്യും. സജീവ് പാഴൂരാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്.
നാദിർഷയുടെ നാലാമത്തെ ചിത്രമാണ് കേശു. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ, മേരാ നാം ഷാജി എന്നീ ചിത്രങ്ങളാണ് നേരത്തേ പുറത്തിറങ്ങിയത്. ജയസൂര്യ മുഖ്യവേഷം ചെയ്യുന്ന 'ഈശോ' എന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട്. ചിത്രത്തിൻ്റെ പേര് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. അടുത്ത സുഹൃത്തു കൂടിയായ ദിലീപിനെ നായകനാക്കിയുള്ള നാദിർഷയുടെ ആദ്യ സംരംഭമാണിത്.
68 വയസ്സുള്ള കേശു എന്ന പ്രായം ചെന്ന മനുഷ്യൻ ഡ്രൈവിങ്ങ് സ്കൂൾ നടത്തുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. രത്നമ്മ എന്ന കഥാപാത്രത്തെയാണ് ഉർവശി അവതരിപ്പിക്കുന്നത്. ജാഫർ ഇടുക്കി, അനുശ്രീ, സ്വാസിക വിജയ്, വിഷ്ണു ഉണ്ണികൃഷ്ണൻ, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, രമേഷ് പിഷാരടി, ഭഗത് ബേബി മാനുവൽ, കോട്ടയം നസീർ തുടങ്ങിയവർ മുഖ്യവേഷങ്ങൾ ചെയ്യുന്നു.
ഫെബ്രുവരിയിൽ ഷൂട്ടിങ്ങ് പൂർത്തിയാക്കിയ ചിത്രം പത്തുമാസത്തിനു ശേഷമാണ് പുറത്തിറങ്ങുന്നത്. തിയേറ്ററിൽ മാത്രമേ ചിത്രം റിലീസ് ചെയ്യൂ എന്ന് നേരത്തേ തന്നെ നാദിർഷ വ്യക്തമാക്കിയിരുന്നു.