ചരിത്രം തിരുത്തിക്കുറിച്ച് കെതാൻജി ബ്രൗൺ ജാക്‌സൺ; അമേരിക്കൻ സുപ്രീം കോടതിയിലെ ആദ്യത്തെ കറുത്തവർഗക്കാരി
അമേരിക്കൻ സുപ്രീം കോടതിയിലെത്തുന്ന ആദ്യത്തെ കറുത്ത വർഗക്കാരിയായി കെതാൻജി ബ്രൗൺ ജാക്‌സൺ. കെതാൻജിയുടെ പേര് സെനറ്റ് സ്ഥിരീകരിച്ചതോടെ അമേരിക്ക അതിൻ്റെ 233 വർഷം പഴക്കമുള്ള ചരിത്രമാണ് തിരുത്തി കുറിച്ചത്. സുപ്രീം കോടതി ജഡ്ജിയായുള്ള 51 കാരിയുടെ നിയമനത്തെ ഹർഷാരവങ്ങളോടെയാണ് സെനറ്റ് സ്വീകരിച്ചത്.
കെതാൻജിയുടെ നിയമനത്തെ രാജ്യത്തിന്റെ ചരിത്ര നിമിഷം എന്നാണ് പ്രസിഡണ്ട് ജോ ബൈഡൻ വിശേഷിപ്പിച്ചത്. ഈ നാഴികക്കല്ല് തലമുറകൾക്ക് മുമ്പേ സംഭവിക്കേണ്ടതായിരുന്നു എന്നും അമേരിക്ക അതിൻ്റെ ഐക്യത്തെ കൂടുതൽ പരിപൂർണമാക്കാനുള്ള വലിയൊരു ചുവടുവെപ്പ് നടത്തുകയാണെന്നും സെനറ്റർ ചക്ക് ഷുമർ പറഞ്ഞു.
കെതാൻജി എത്തുന്നതോടെ ഒമ്പതംഗ കോടതിയിലെ ജസ്റ്റിസുമാരിൽ നാല് പേരും സ്ത്രീകളായിരിക്കും. ഇതോടെ ചരിത്രത്തിലെ ഏറ്റവും വൈവിധ്യമാർന്ന ബെഞ്ചായും അത് മാറും. ബെഞ്ചിലെ അഞ്ചു പുരുഷന്മാരിൽ നാലുപേർ വെള്ളക്കാരും ക്ലാരൻസ് തോമസ് ആഫ്രിക്കൻ അമേരിക്കക്കാരനുമാണ്.