ബെൽജിയത്തിന്റെ പുതിയ നായകനാവാൻ കെവിൻ ഡി ബ്രുയൻ
ബെൽജിയം: ബെൽജിയം ദേശീയ ഫുട്ബോൾ ടീമിന്‍റെ പുതിയ ക്യാപ്റ്റനായി മിഡ്ഫീൽഡർ കെവിൻ ഡി ബ്രുയൻ. ഖത്തറിൽ നടന്ന ലോകകപ്പിന് ശേഷം ഈഡൻ ഹസാർഡ് വിരമിച്ചതോടെയാണ് ബെൽജിയത്തിന് പുതിയ ക്യാപ്റ്റനെ തേടേണ്ടി വന്നത്. സ്വീഡനെതിരായ യൂറോ യോഗ്യതാ മത്സരവും ജർമ്മനിക്കെതിരായ സൗഹൃദ മത്സരവുമാണ് ബെൽജിയം നേരിടാൻ പോകുന്നത്. പരിശീലകൻ ഡൊമെനിക്കോ ടെഡെസ്കോയാണ് മാഞ്ചസ്റ്റർ സിറ്റി താരം ഡി ബ്രുയനെ പുതിയ ക്യാപ്റ്റനായി നിയമിച്ചതായി പ്രഖ്യാപിച്ചത്. റോബർട്ടോ മാർട്ടിനെസിന് പകരം പരിശീലകസ്ഥാനം ഏറ്റെടുത്ത ടെഡെസ്കോയുടെ ആദ്യ മത്സരങ്ങൾ കൂടിയാണിത്. 32 കാരനായ ഡി ബ്രുയൻ ഇതുവരെ ബെൽജിയത്തിനായി 97 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇതിൽ നിന്ന് 25 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്. റയൽ മാഡ്രിഡ് ഗോൾകീപ്പർ തിബോ കോർട്ട്വ, ഇന്‍റർ മിലാൻ സ്ട്രൈക്കർ റൊമേലു ലുക്കാക്കു എന്നിവരും വൈസ് ക്യാപ്റ്റൻമാരായി നിയമിതരായിട്ടുണ്ട്.