മോദി ഈസ് മൈ ഹീറോ; ഇന്ത്യൻ പ്രധാനമന്ത്രിയെ കണ്ട് പഠിക്കണം; കെവിൻ പീറ്റേഴ്സൺ
ലണ്ടൻ: കാണ്ടാമൃഗങ്ങളുടെ സംരക്ഷണത്തിൽ പ്രധാനമന്തി നരേന്ദ്ര മോദിയെ പ്രശംസിച്ച് മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരവും പ്രകൃതി സംരക്ഷക പ്രവർത്തകനുമായ കെവിൻ പീറ്റേഴ്സൺ. കാണ്ടാമൃഗങ്ങളുടെ സംരക്ഷണത്തിൽ പ്രധാനമന്ത്രി മോദിയെ 'ഹീറോ' എന്നാണ് പീറ്റേഴ്സൺ വിശേഷിപ്പിച്ചത്. അസാമിലെ ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗത്തിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട് മോദി എടുത്ത നിലപാടുകളെ പുകഴ്ത്തിയാണ് പീറ്റേഴ്സൺ രംഗത്തു വന്നത്.
യഥാർത്ഥ ജീവിതത്തിലെ നായകൻ എന്ന് മോദിയെ വിശേഷിപ്പിച്ച പീറ്റേഴ്സൺ മറ്റ് ലോകരാഷ്ട്രങ്ങളിലെ നേതാക്കന്മാർ ഇന്ത്യൻ പ്രധാനമന്ത്രിയെ കണ്ട് പഠിക്കണമെന്നും അഭിപ്രായപ്പെട്ടു. ഇത്തരം പ്രവർത്തനങ്ങൾ കൊണ്ടാണ് ഇന്ത്യയിൽ കാണ്ടാമൃഗങ്ങളുടെ എണ്ണം വർധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, ഒറ്റക്കൊമ്പൻ കണ്ടാമൃഗങ്ങളുടെ രണ്ടായിരത്തി അഞ്ഞൂറോളം കൊമ്പുകൾ അസം സർക്കാരിന്റെ നേതൃത്വത്തിൽ കത്തിച്ചതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചിരുന്നു. കാണ്ടാമൃഗത്തിന്റെ ശരീരത്തിൽ ഉള്ള കൊമ്പിന് മാത്രമേ അസാമിൽ ഇനിമേൽ വിലയുള്ളു എന്ന് കാണിക്കുന്നതിനു വേണ്ടിയാണ് ഇത് ചെയ്തതെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ സർമ്മ അന്ന് വ്യക്തമാക്കി. കാണ്ടാമൃഗത്തിന്റെ വേട്ടയ്ക്കെതിരെയുള്ള ഈ പ്രചാരണ പരിപാടിക്ക് മോദി ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു.
ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗം ഇന്ത്യയുടെ അഭിമാനമാണെന്നും അവയെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്നും അസം സർക്കാരിന്റെ പ്രവർത്തനത്തെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ട്വീറ്റ്, റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു പ്രധാനമന്ത്രി ട്വീറ്ററിൽ ഇക്കാര്യം കുറിച്ചത്.
ലോക കണ്ടാമൃഗദിനത്തിലാണ് ഒറ്റക്കൊമ്പൻ കണ്ടാമൃഗങ്ങളുടെ രണ്ടായിരത്തി അഞ്ഞൂറോളം കൊമ്പുകൾ അസം സർക്കാരിന്റെ നേതൃത്വത്തിൽ കത്തിച്ചത്. കാസിരംഗ പാർക്കിലെ ബാകഖാട്ടിലുളള സർക്കാർ ട്രഷറിയിൽ വർഷങ്ങളായി സൂക്ഷിച്ചുവെച്ച കൊമ്പുകളാണ് ആറ് ഭീമൻ ഗ്യാസ് ഫർണസുകളിൽ കൂട്ടിയിട്ട് കത്തിച്ചത്. 2479 കൊമ്പുകളാണ് ഇത്തരത്തിൽ കത്തിച്ച് കളഞ്ഞത്.
ബർപേട്ട, മോറിഗാൻ, മംഗൾഡോയി, തേസ്പുർ, ബിടിആർ, ഗോലഗാട്ട്, കൊഹോറ എന്നീ ഏഴ് വന്യജീവി മേഖലകളിൽ നിന്ന് എത്തിച്ചവയായിരുന്നു ഈ കൊമ്പുകൾ. ഇത് വർഷങ്ങളായി ബോകഖാട്ടിലെ കണ്ടാമൃഗ കൊമ്പുകൾ സൂക്ഷിക്കുന്ന ട്രഷറിയിൽ സൂക്ഷിച്ചുവരികയായിരുന്നു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ മുഖ്യാതിഥിയായും മറ്റ് നിരവധി രാഷ്ട്രീയ നേതാക്കളും പങ്കെടുത്ത പൊതു ചടങ്ങായാണ് കത്തിക്കൽ നടത്തിയത്. ലോകമെമ്പാടുമുള്ള ആളുകൾക്ക് കാണാനായി വെബ്കാസ്റ്റിങ് സംവിധാനവും ഒരുക്കിയിരുന്നു.