ഗ്രാമീണ മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും : ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍

ഖാദി ഗ്രാമീണവ്യവസായ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കേരള ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍. ഖാദി വസ്ത്രമേഖലയില്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത് ദുര്‍ബലരായ തൊഴിലാളികളാണെന്നും ഖാദി വസ്ത്രങ്ങളുടെ പ്രചാരണം ഇവര്‍ക്ക് കൈത്താങ്ങായി മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഖാദി വസ്ത്ര പ്രചരണ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു വൈസ് ചെയര്‍മാന്‍.

പരമ്പരാഗത മൂല്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ ഖാദി മേഖലയ്ക്ക് ഉണര്‍വേകാനുള്ള നടപടികള്‍ സ്വീകരിക്കും. ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്ന തരത്തില്‍ പുതിയ ഡിസൈനിലുള്ള ഉല്‍പന്നങ്ങള്‍ പുറത്തിറക്കാന്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. പുതിയ ഡിസൈനിലുള്ള വസ്ത്രങ്ങള്‍ക്കായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയുമായി ബോര്‍ഡ് ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധി ഏറ്റവും രൂക്ഷമായി ബാധിച്ച ഒരു മേഖലയാണ് കേരളത്തിന്റെ പരമ്പരാഗത വ്യവസായം. മേഖലയെ സംരക്ഷിക്കാനായി സര്‍ക്കാര്‍ ഫലപ്രദമായ നിരവധി പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നത്. ഖാദി വസ്ത്ര പ്രചരണം സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെ ഏറ്റെടുത്തതോടെ വ്യാപാരത്തില്‍ ഉണര്‍വുണ്ടായതും ഖാദി വ്യവസായത്തിന് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അയ്യന്തോള്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറാഫീസ്, തൃശൂര്‍ കോര്‍പ്പറേഷന്‍, കേരള ബാങ്ക് റീജണല്‍ ഓഫീസ്, വെങ്ങിണിശ്ശേരി സഹകരണ ബാങ്ക് ഓഡിറ്റോറിയം തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിലായാണ് പ്രചരണ പരിപാടികള്‍ സംഘടിപ്പിച്ചത്.

വിദ്യാഭ്യാസ ഉപഡയറക്ടറാഫീസില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടില്‍ അധ്യക്ഷയായി. ദുരന്ത നിവാരണ ഡെപ്യൂട്ടി കലക്ടര്‍ ഐ ജെ മധുസൂദനന്‍ മുഖ്യാതിഥിയായി. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി വി മദനമോഹനന്‍ സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ ജി തിലകന്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ ജീവനക്കാര്‍ക്കും സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ക്കുമുള്ള ഖാദി വസ്ത്രവിതരണവും നടന്നു.

കോര്‍പ്പറേഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മേയര്‍ എം കെ വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു. സെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍, ഖാദി ബോര്‍ഡ് സെക്രട്ടറി കെ എ രതീഷ്, കോര്‍പ്പറേഷന്‍ സെക്രട്ടറി വിനു സി കുഞ്ഞപ്പന്‍, വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേരള ബാങ്ക് റീജണല്‍ ഓഫീസില്‍ നടന്ന പരിപാടിയില്‍ കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം കെ കണ്ണന്‍ പങ്കെടുത്തു.

Related Posts