ഖുഷ്ബു ഇനി ദേശീയ വനിതാ കമ്മിഷൻ അംഗം; നിയമനം മൂന്ന് വർഷത്തേക്ക്

ചെന്നൈ: തെന്നിന്ത്യൻ നടിയും ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ ഖുഷ്ബു സുന്ദറിന് ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമനം. മൂന്ന് വർഷത്തേക്കാണ് നിയമനം. നാമനിർദ്ദേശം ചെയ്യപ്പെട്ട മൂന്ന് അംഗങ്ങളിൽ ഒരാളാണ് ഖുഷ്ബു. കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന്‍റെ വിജ്ഞാപനം ട്വിറ്ററിൽ പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താരം നന്ദി അറിയിച്ചു. ജാർഖണ്ഡിൽ നിന്നുള്ള മമത കുമാരി, മേഘാലയയിൽ നിന്നുള്ള ഡെലിന ഖോങ്ദുപ് എന്നിവരാണ് നാമനിർദ്ദേശം ചെയ്യപ്പെട്ട മറ്റംഗങ്ങൾ. ബി.ജെ.പി തമിഴ്നാട് പ്രസിഡന്‍റ് കെ അണ്ണാമലൈയും ഖുഷ്ബുവിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. സ്ത്രീകളുടെ അവകാശങ്ങൾക്കായി ഖുഷ്ബു തുടർച്ചയായി നടത്തിയ പോരാട്ടത്തിനുള്ള അംഗീകാരമാണിതെന്ന് അണ്ണാമലൈ ട്വിറ്ററിൽ കുറിച്ചു.


Related Posts