കിയ കാരൻസ് ലോഞ്ചിങ്ങ് നാളെ; വില 14 ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയിലെന്ന് സൂചന

കൊറിയൻ കാർ നിർമാതാക്കളായ കിയയുടെ പുതിയ മോഡലായ കാരൻസ് നാളെ ഇന്ത്യയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്യും. രാജ്യത്ത് കിയ അവതരിപ്പിക്കുന്ന നാലാമത് മോഡലാണ് കാരൻസ്. 14 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ (എക്‌സ്-ഷോറൂം) വിലയാകാനാണ് സാധ്യതയെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.

സെൽറ്റോസ്, കാർണിവൽ, സോണറ്റ് എന്നീ മോഡലുകൾ കിയ നേരത്തേ അവതരിപ്പിച്ചിരുന്നു. പ്രീ ബുക്കിങ്ങിലൂടെ എണ്ണായിരത്തോളം യൂണിറ്റ് വിറ്റഴിച്ച് കാരൻസ് ജനുവരി രണ്ടാം വാരം ചരിത്രം സൃഷ്ടിച്ചിരുന്നു. 24 മണിക്കൂറിനുള്ളിൽ 7,738 യൂണിറ്റുകളാണ് വിറ്റുപോയത്.

ഇന്ത്യയെ പ്രധാനപ്പെട്ട വിപണികളിൽ ഒന്നായാണ് തെക്കൻ കൊറിയൻ വാഹന നിർമാതാക്കളായ കിയ മോട്ടോഴ്സ് കണക്കാക്കുന്നത്. പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നീ അഞ്ച് വേരിയൻ്റുകളിലാണ് കാരൻസ് പുറത്തിറങ്ങുന്നത്. രണ്ട് പെട്രോളും ഒരു ഡീസലും ഉൾപ്പെടെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളും അവതരിപ്പിക്കുന്നുണ്ട്. 20 ലക്ഷം രൂപയിൽ താഴെയുള്ള വാഹന വിപണിയിൽ കാരൻസിൻ്റെ പ്രധാന എതിരാളികൾ ഹ്യൂണ്ടായ് അൽകാസർ, ടാറ്റ സഫാരി, മഹീന്ദ്ര എക്സ് യു വി 700 എന്നിവയാണ്.

ഈ വർഷം ജനുവരിയിൽ ആന്ധ്രാപ്രദേശിലെ അനന്തപൂർ നിർമാണശാലയിലാണ് എം പി വി ശ്രേണിയിൽപ്പെട്ട കാരൻസിൻ്റെ ഉത്പാദനം ആരംഭിച്ചത്. ഡീലർമാരിൽ കാർ എത്താൻ തുടങ്ങിയതോടെ കഴിഞ്ഞ മാസം ബുക്കിംഗ് ആരംഭിച്ചു.

10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, ആപ്പിൾ കാർപ്ലേയ്ക്കും ആൻഡ്രോയ്ഡ് ഓട്ടോയ്‌ക്കുമുള്ള വയർലെസ് കണക്റ്റിവിറ്റി, 64-കളർ ആംബിയന്റ് ലൈറ്റിംഗ്, എയർ പ്യൂരിഫയർ, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, സൺറൂഫ് തുടങ്ങിയ സവിശേഷതകളോടെയാണ് കാരൻസിൻ്റെ പ്രീമിയം മോഡൽ എത്തുന്നത്.

Related Posts