കിയ 'കാരന്‍സ്'ന്‍റെ ഔദ്യോഗിക ഡിജിറ്റൽ രേഖാചിത്രങ്ങൾ പുറത്ത് വിട്ടു

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയയുടെ ഇന്ത്യയിലെ നാലാമത്തെ വാഹനത്തെ വിപണിയിൽ അവതരിപ്പിച്ചു. കാരന്‍സ് എന്ന എംപിവിയുടെ ആഗോളാവതരണമാണ് ഇന്ത്യയില്‍ നടന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
സെൽറ്റോസ്, കാർണിവൽ, സോണെറ്റ് തുടങ്ങിയ മോഡലുകള്‍ക്ക് ശേഷം കിയയിൽ നിന്നുള്ള നാലാമത്തെ ഉൽപ്പന്നമാണ് കാരന്‍സ് എംപിവി. ഫീച്ചറുകൾ നിറഞ്ഞ വാഹനമാണിത്. എസ്‌യുവി ബോഡി ടൈപ്പ് തിരഞ്ഞെടുക്കുന്ന ഇന്ത്യയിലെ വലിയ കുടുംബങ്ങൾക്കിടയിൽ പ്രീതി കണ്ടെത്താനാണ് കിയ മൂന്നു വരി മോഡലായ കാരൻസിലൂടെ ശ്രമിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രീമിയവും എന്നാൽ വിശാലമായ സ്വഭാവം നൽകുന്ന ഒരു ഉൽപ്പന്നം രാജ്യത്ത് തങ്ങൾക്ക് ഇല്ലെന്ന് തോന്നിയിരുന്നതായി കാരന്‍സിനെ അവതരിപ്പിച്ചുകൊണ്ട് 'കിയ ഇന്ത്യയുടെ' എംഡിയും സിഇഒയുമായ ടെ-ജിൻ പാർക്ക് പറഞ്ഞു. ആന്ധ്രാപ്രദേശിലെ അനന്ത്പൂരിലുള്ള കിയ പ്ലാന്റിലാണ് കാരൻസ് നിർമ്മിക്കുക.
വലിയ വീൽ ആർച്ചുകൾ, ക്രോം ഗാർണിഷ്, നേർരേഖകൾ, എൽഇഡി ലൈറ്റ് ടെക്നോളജി എന്നിവ കിയ കാരെൻസിന്റെ പുറംഭാഗത്തെ വേറിട്ടതാക്കുന്നു. ടൈഗർ നോസ് ഗ്രിൽ വാഹനത്തില്‍ ഉണ്ട്. ഒരു വിനോദ വാഹനത്തെയും പരമ്പരാഗത എസ്‌യുവിയെയും നിർവചിക്കുന്ന ഡിസൈൻ ഘടകങ്ങളുടെ സംഗമത്തിൽ വ്യക്തമായ ശ്രദ്ധ കിയ പുലര്‍ത്തിയതായി ഡിസൈന്‍ വ്യക്തമാക്കുന്നു.
കിയ കാരൻസിന് പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ നൽകും, കൂടാതെ മൂന്ന് ഡ്രൈവ് മോഡുകൾ ലഭിക്കും. മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക്, ഡിസിടി ഗിയർബോക്സ് ഓപ്ഷനുകൾ ഉണ്ട്. വാഹനത്തിന് സ്റ്റാൻഡേർഡായി ആറ് എയർബാഗുകൾ ലഭിക്കും, കൂടാതെ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ്, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ, ഡൗൺഹിൽ ബ്രേക്ക് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഓൾ-വീൽ ഡിസ്‌ക് ബ്രേക്കുകൾ തുടങ്ങി നിരവധി സുരക്ഷാ ഹൈലൈറ്റുകൾ ഉണ്ട്. ഹൈ-സെക്യൂർ സുരക്ഷാ പാക്കേജിനൊപ്പം ഇതിന് ഡ്രൈവർ അസിസ്റ്റൻസും ലഭിക്കുന്നു.